ന്യൂഡൽഹി : രാജ്യത്തെ ഹോട്ടലുടമകൾക്കും ചെറുകിട വ്യാപാരികൾക്കും വലിയ ആശ്വാസമേകി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ കുറവ്. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 183.50 രൂപയാണ് എണ്ണക്കമ്പനികൾ കുറച്ചത്. നിലവിൽ ഡൽഹിയിൽ 2,930 രൂപയാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില. കൂടാതെ, ചെറുകിട കച്ചവടക്കാരും തെരുവോര കച്ചവടക്കാരും വ്യാപകമായി ഉപയോഗിക്കുന്ന 5 കിലോഗ്രാമിന്റെ എഫ്.ടി.എൽ സിലിണ്ടറുകളുടെ വിലയിലും കുറവ് വരുത്തിയിട്ടുണ്ട്. ഡൽഹിയിൽ ഇതിന്റെ വിലയിൽ 13 രൂപ കുറഞ്ഞ് പുതിയ നിരക്ക് 808.50 രൂപയായി.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായതും, 60 ദിവസത്തേക്ക് വെടിനിർത്തൽ നീട്ടാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതും ആഗോള ഊർജ്ജ വിപണിക്ക് കരുത്തേകി. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സുരക്ഷിതമായതും വില കുറയാൻ കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നു.









