കാബൂൾ : പാകിസ്താൻ അതിർത്തിക്കുള്ളിൽ കയറി വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാൻ. കാബൂളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 36 സാധാരണക്കാരുടെ ജീവനെടുത്ത ക്രൂരമായ പാക് ഭീകരാക്രമണത്തിന് മറുപടിയായാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ഈ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. പാകിസ്ഥാൻ മണ്ണിൽ അഭയം പ്രാപിച്ചിരിക്കുന്ന ‘ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ’ (ISIS-K / ISKP) ഭീകരരുടെ താവളങ്ങളാണ് തകർത്തതെന്ന് അഫ്ഗാൻ താലിബാൻ ഭരണകൂടം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ സമാധാനാന്തരീക്ഷം തകർക്കാനും സാധാരണക്കാരെ ലക്ഷ്യമിട്ടും പാക് മണ്ണിലിരുന്ന് ആസൂത്രണം ചെയ്യുന്ന ഭീകരപ്രവർത്തനങ്ങൾക്ക് അറുതി വരുത്താനാണ് ഈ പ്രത്യാക്രമണമെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. പാകിസ്താനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ പ്രവർത്തിച്ചിരുന്ന ഐസിസ് താവളങ്ങളിലാണ് അഫ്ഗാൻ സേന ആക്രമണം നടത്തിയത്. ഭീകരരുടെ കമാൻഡ് സെന്ററുകൾ, ആയുധപ്പുരകൾ, സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ എന്നിവ ഡ്രോൺ ആക്രമണങ്ങളിൽ പൂർണ്ണമായി തകർന്നു.
“അഫ്ഗാനിസ്ഥാനിലെ നിരപരാധികളായ ജനങ്ങളെ ലക്ഷ്യമിട്ട് അട്ടിമറി നീക്കങ്ങളും സ്ഫോടനങ്ങളും ആസൂത്രണം ചെയ്യാൻ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകളാണ് ഞങ്ങൾ തകർത്തത്. ഞങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും,” എന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അതിർത്തി കടന്നുവന്ന നാല് പ്രാഥമിക ഡ്രോണുകൾ തങ്ങളുടെ വ്യോമസേന വെടിവെച്ചിട്ടതായി പാക് സൈന്യം അവകാശപ്പെട്ടു. അഫ്ഗാന്റെ ഭാഗത്തുനിന്ന് ഇനിയൊരു പ്രകോപനമുണ്ടായാൽ കടുത്ത ഭാഷയിൽ തിരിച്ചടിക്കുമെന്നും ഇസ്ലാമാബാദ് മുന്നറിയിപ്പ് നൽകി.








