അഭിഭാഷകർ, നിയമവിദ്യാർത്ഥികൾ, നിയമ ഇന്റേണുകൾ, അധ്യാപകർ, നിയമ ഗവേഷകർ എന്നിവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ( ബി. സി. ഐ) സമഗ്രമായ മാർഗരേഖ പുറത്തിറക്കി. കോടതി നടപടികളെ തികച്ചും അതിനാടകീയമായ രീതിയിൽ അവതരിപ്പിക്കുക, നിർമ്മിത ബുദ്ധി ദുരുപയോഗം ചെയ്ത് വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കുക, സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി കക്ഷികളെ ആകർഷിക്കുക തുടങ്ങിയ പ്രവണതകൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകുന്നതാണ് ബാർ കൗൺസിൽ പുറത്തിറക്കിയ 37 പേജുകളുള്ള പുതിയ സർക്കുലർ. ഇനി മുതൽ അഭിഭാഷകനായി എന്റോൾ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ നിയമബിരുദധാരികളും ബി.സി.ഐയുടെ സോഷ്യൽ മീഡിയ പെരുമാറ്റച്ചട്ടങ്ങൾ പൂർണ്ണമായി പാലിക്കുമെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം രേഖാമൂലം നൽകണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.
കോടതി നടപടികളുടെ റീലുകൾ, ഹ്രസ്വ വീഡിയോകൾ, എഡിറ്റ് ചെയ്ത ക്ലിപ്പുകൾ, വ്യക്തിപരമായ അഭിപ്രായങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് ജഡ്ജിമാരെയും അഭിഭാഷകരെയും കക്ഷികളെയും പരിഹാസവിധേയരാക്കുകയും നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസത്തെ തകർക്കുകയും ചെയ്യുന്നുവെന്ന് ബി.സി.ഐ വിലയിരുത്തി. നിയമവൃത്തി എന്നത് പൂർണ്ണമായും ഒരു പൊതുസേവനമാണെന്നും സോഷ്യൽ മീഡിയയെ വ്യക്തിപരമായ പ്രചാരണത്തിനോ ക്ലയന്റുകളെ ആകർഷിക്കുന്ന വാണിജ്യ ഉപാധിയായോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും കൗൺസിൽ വ്യക്തമാക്കി. ഡീപ്ഫേക്ക്, വോയ്‌സ് ക്ലോണിങ്, വ്യാജ വിധിന്യായങ്ങൾ, തെറ്റായ നിയമോപദേശങ്ങൾ എന്നിവയ്ക്കായി എഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് നിയമവൃത്തിയുടെ വിശ്വാസ്യതയ്ക്ക് ഗുരുതര ഭീഷണിയാണ്. പുതിയ ചട്ടങ്ങൾ പ്രകാരം അഭിഭാഷകർ റീലുകളിലൂടെയോ ഷോർട്ട് വീഡിയോകളിലൂടെയോ സ്വയം പ്രചരിപ്പിക്കാൻ പാടില്ല. ഒപ്പം തങ്ങളുടെ വിജയശതമാനത്തെക്കുറിച്ചോ വലിയ കേസുകളിലെ നേട്ടങ്ങളെക്കുറിച്ചോ അവകാശവാദങ്ങൾ ഉന്നയിക്കാനോ പാടില്ല. വിദഗ്ധൻ, മികച്ച അഭിഭാഷകൻ, ഉറപ്പായ വിജയം തുടങ്ങിയ സ്വയം പ്രശംസാപരമായ പരസ്യങ്ങളും ഇതിലൂടെ പൂർണ്ണമായി വിലക്കി.
ക്ലയന്റുകളെ ആകർഷിക്കാൻ പണം നൽകിയുള്ള പ്രചാരണങ്ങൾ, ഇൻഫ്ളുവൻസർ മാർക്കറ്റിങ്, സ്‌പോൺസർ ചെയ്ത പോസ്റ്റുകൾ എന്നിവയും കോടതി മുറികളിലോ കോടതി പരിസരങ്ങളിലോ വീഡിയോ ചിത്രീകരണം നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും ഇനി മുതൽ അനുവദിക്കില്ല. കോടതി മുറികൾ, ജഡ്ജിമാർ, കോടതി കെട്ടിടങ്ങൾ, അഭിഭാഷക വസ്ത്രധാരണം എന്നിവ വ്യക്തിപരമായ ബ്രാൻഡിങ്ങിനായി ഉപയോഗിക്കാൻ പാടില്ലാത്തതാണ്. കക്ഷികളുടെ രഹസ്യ വിവരങ്ങളോ രേഖകളോ കേസിന്റെ വിവരങ്ങളോ പ്രസിദ്ധീകരിക്കരുത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ കക്ഷികളുടെയോ വ്യാജ ചിത്രങ്ങളോ വീഡിയോകളോ സൃഷ്ടിക്കുന്നതിനും വ്യാജ വിധിന്യായങ്ങളും കെട്ടിച്ചമച്ച വിജയകഥകളും പ്രചരിപ്പിക്കുന്നതിനും കർശന നിരോധനമുണ്ട്. ഉറപ്പായ ജാമ്യം, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവാഹമോചനം, നിശ്ചിത വിജയം തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനും പുതിയ വിലക്കുകൾ ബാധകമാണ്.
അതേസമയം നിയമബോധവത്കരണം, കോടതിവിധികളുടെ അക്കാദമിക് വിശകലനം, ഭരണഘടനാ വിഷയങ്ങളിലെ ചർച്ചകൾ, നിയമവിദ്യാഭ്യാസം, ഗവേഷണ ലേഖനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതിന് യാതൊരുവിധ വിലക്കുകളുമില്ല. എന്നാൽ അവ പൂർണ്ണമായും വസ്തുനിഷ്ഠവും വിദ്യാഭ്യാസപരവുമായിരിക്കണമെന്നും വ്യക്തിപരമായ പരസ്യത്തിനുള്ള ഉപാധിയാകരുതെന്നും സർക്കുലറിൽ കൃത്യമായി നിർദേശിക്കുന്നുണ്ട്.
നിയമവിദ്യാർത്ഥികൾ പ്രവേശന സമയത്തും ഇന്റേൺഷിപ്പ് ആരംഭിക്കുന്നതിന് മുൻപും രഹസ്യസ്വഭാവം പാലിക്കുമെന്നും കോടതി സംബന്ധമായ ഉള്ളടക്കം റെക്കോർഡ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യില്ലെന്നും രേഖാമൂലം ഉറപ്പുനൽകണം. ഈ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1961-ലെ അഡ്വക്കേറ്റ്‌സ് ആക്ട് പ്രകാരം അച്ചടക്ക നടപടികൾ, കോടതിയലക്ഷ്യ നടപടികൾ, വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പിൻവലിക്കൽ തുടങ്ങിയ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതിനായി സംസ്ഥാന ബാർ കൗൺസിലുകൾക്ക് കീഴിൽ ഡിജിറ്റൽ എത്തിക്‌സ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യ അറിയിച്ചു.








