ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസുകാരനെ ഭീകരർ വെടിവെച്ചുകൊന്നതിന് പിന്നാലെ ഭീകരർക്കെതിരെ കടുത്ത നടപടിയുമായി സുരക്ഷാസേന. നിരോധിത ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയിലെ (LeT) സജീവ ഭീകരരായ രണ്ട് പേരുടെ വീടുകൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ത നിലംപരിശാക്കി. സജീവ ഭീകരരായ ആദിൽ തോക്കർ, ഹാറൂൺ റഷീദ് ഗനായി എന്നിവരുടെ വീടുകളാണ് ബുധനാഴ്ച അർദ്ധരാത്രിയോടെ അധികൃതർ ഇടിച്ചുനിരത്തിയത്.
അനന്ത്നാഗിലെ ലാൽ ചൗക്കിൽ അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈനെ തിരക്കേറിയ ചന്തയിൽ വെച്ച് ഭീകരൻ വെടിവെച്ചുകൊന്നിരുന്നു. ഇതിന് മണിക്കൂറുകൾക്കകമാണ് സുരക്ഷാസേനയുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും ശക്തമായ തിരിച്ചടി.
കശ്മീരിൽ മുൻപും ഭീകരരുടെ വീടുകൾ പൊളിച്ചുമാറ്റുന്ന രീതി ഉണ്ടായിരുന്നെങ്കിലും അക്രമ സംഭവങ്ങളിൽ കുറവുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി ഇത്തരം നടപടികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ വീണ്ടും പോലീസുകാരന് നേരെ ആക്രമണമുണ്ടായതോടെ ഭീകരവാദത്തിനെതിരെയുള്ള കടുത്ത നയം സുരക്ഷാസേന വീണ്ടും ശക്തമാക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഭീകരർക്കായി പ്രദേശത്ത് വ്യാപക തെരച്ചിൽ തുടരുകയാണ്.












