കുറച്ചുദിവസങ്ങളായി തുടർന്ന ആശ്വാസത്തിന് വിരാമമിട്ട് രാജ്യത്ത് സ്വർണ, വെള്ളി വിലയിൽ വൻ കുതിപ്പുകയറ്റം. മധ്യപൂർവേഷ്യൻ മേഖലയിലെ സംഘർഷങ്ങൾക്ക് താൽക്കാലിക ആശ്വാസമായതും യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് ബുളളിയൻ വിപണിയിൽ പെട്ടെന്ന് വൻ മുന്നേറ്റത്തിന് വഴിവെച്ചത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (MCX) തങ്കത്തിന് 10 ഗ്രാമിന് 1,000 രൂപയിലധികവും വെള്ളിക്ക് കിലോഗ്രാമിന് 2,500 രൂപയിലധികവുമാണ് ഒറ്റദിവസം കൊണ്ട് വർധിച്ചത്.
എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ ഫ്യൂച്ചേഴ്സ് വില 0.72 ശതമാനം വർധിച്ച് 1,44,130 രൂപയിലെത്തി. വെള്ളി വില 1.14 ശതമാനം ഉയർന്നതോടെ കിലോഗ്രാമിന് 2,24,663 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി അവസാനത്തോടെ റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം വിപണിയിൽ ദൃശ്യമായ ചെറിയ വിലക്കുറവിൽ നിക്ഷേപകർ കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് തിങ്കളാഴ്ചയോടെ സ്വർണവില വീണ്ടും റോക്കറ്റ് വേഗത്തിൽ തിരിച്ചുകയറുന്നത്.
യുഎസ് ഡോളർ ദുർബലമായതും ഡോളർ ഇൻഡക്സിലുണ്ടായ ഇടിവുമാണ് സ്വർണത്തെ വീണ്ടും സുരക്ഷിത നിക്ഷേപമായി കാണാൻ ആഗോള നിക്ഷേപകരെ പ്രേരിപ്പിച്ചത്. ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ആഗോള സാമ്പത്തിക ഘടകങ്ങളും ആഭ്യന്തര വിപണിയിൽ വലിയ രീതിയിൽ പ്രതിഫലിച്ചു. പലിശ നിരക്കുകളിൽ യുഎസ് ഫെഡറൽ റിസർവ് വരുത്തിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കുമെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്. വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.










