ജന്തർ മന്തറിൽ സംഘടിപ്പിച്ച 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയിൽ നിന്നും ഉയർന്ന രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നത് കടുത്ത നിരാശ മാത്രമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്ക്. രാഹുൽ ഗാന്ധിയുടെ കൈകളിൽ നിന്ന് ജ്യൂസ് വാങ്ങി നിരാഹാര സമരം അവസാനിപ്പിക്കാനായിരുന്നു താനും ഭാര്യ ഗീതാഞ്ജലിയും ആഗ്രഹിച്ചിരുന്നതെന്നും, എന്നാൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അനുകൂലമായ യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു.
തന്റെ നിരാഹാരം രാഹുൽ ഗാന്ധി അവസാനിപ്പിക്കുന്നതിനായി ഭാര്യ ഗീതാഞ്ജലി കഠിനമായി ശ്രമിച്ചിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് വാങ്‌ചുക്ക് പറഞ്ഞു. ജന്തർ മന്തറിലെ സമരപ്പന്തലിലേക്ക് രാഷ്ട്രീയ നേതാക്കൾ എത്തിയത് വളരെ വൈകിയും വളരെ കുറഞ്ഞ എണ്ണത്തിലുമായിരുന്നു.
രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായ നിരാശാജനകമായ നിലപാടാണ് തന്റെ ഭാര്യയെ പരസ്യ വിമർശനത്തിലേക്ക് നയിച്ചതെന്നും വാങ്‌ചുക്ക് വ്യക്തമാക്കി. ലഡാക്കിന് ആറാം ഷെഡ്യൂൾ പദവി നൽകണമെന്നും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സോനം വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടന്നത്. എന്നാൽ സമരത്തിന്റെ അവസാന ഘട്ടത്തിൽ രാഷ്ട്രീയ നേതാക്കൾ കാണിച്ച തണുപ്പൻ മനോഭാവത്തിലും വാഗ്ദാന ലംഘനങ്ങളിലും താൻ പൂർണ്ണമായും നിരാശനാണെന്ന് അദ്ദേഹം വ്യക്തമാക്കി.











