അമർനാഥ് തീർത്ഥാടന പാതയായ ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ പോലീസിന്റെ ബാരിക്കേഡ് തകർത്ത് സംശയാസ്പദമായ രീതിയിൽ കാർ പാഞ്ഞുപോയത് വൻ സുരക്ഷാ ആശങ്കയ്ക്ക് വഴിവെച്ചു. വെള്ളിയാഴ്ച രാവിലെ ചന്ദർകോട്ടിലെ പോലീസ് ചെക്ക്‌പോസ്റ്റിലാണ് സംഭവം. ശ്രീനഗറിൽ നിന്ന് ജമ്മു ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന സ്കോർപിയോ വാഹനമാണ് പോലീസിന്റെ സിഗ്നലുകൾ അവഗണിച്ച് കുതിച്ചുപാഞ്ഞത്. വാഹനം നിർത്താൻ പോലീസ് മൂന്ന് റൗണ്ട് വെടിവെച്ചെങ്കിലും ഡ്രൈവർ നാഷ്‌റി ഭാഗത്തേക്ക് വാഹനം ഓടിച്ചു പോകുകയായിരുന്നു.
സംഭവത്തെ തുടർന്ന് റംബാൻ മേഖലയിലും പരിസരങ്ങളിലും സുരക്ഷാ സേന കടുത്ത ജാഗ്രത പ്രഖ്യാപിച്ചു. വാഹനം കണ്ടെത്താനും അതിലുണ്ടായിരുന്നവരെ പിടികൂടാനുമായി ജമ്മു കശ്മീർ പോലീസ്, സി.ആർ.പി.എഫ്, ഇന്ത്യൻ സൈന്യം എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അമർനാഥ് തീർത്ഥാടകർ കടന്നുപോകുന്ന പ്രധാന പാതയിൽ വെച്ചുണ്ടായ ഈ സംഭവം തീർത്ഥാടകരുടെ സുരക്ഷയെക്കുറിച്ച് വൻ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന അമർനാഥ് യാത്ര വ്യാഴാഴ്ചയാണ് പുനരാരംഭിച്ചത്. ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് 1,801 അടങ്ങുന്ന തീർത്ഥാടക സംഘം തെക്കൻ കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്ക് തിരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്. റംബാനിൽ ഉടനീളം വാഹന പരിശോധന കർശനമാക്കിയതായും മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സേനയെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.










