ലഷ്‌കറെ തോയ്ബ സ്ഥാപകനും കൊടും ഭീകരനുമായ ഹാഫിസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി പാകിസ്താനിലെ മതപണ്ഡിതൻ അല്ലാമ നസീർ മദ്‌നി രംഗത്ത്. പാകിസ്താനിലെ ബഹാവൽനഗറിൽ നിരോധിത ഭീകര സംഘടനയുമായി ബന്ധപ്പെട്ട ഒരു പൊതുചടങ്ങിൽ സംസാരിക്കവെയാണ് മദ്‌നി ഈ കാര്യം പരസ്യമായി തുറന്നുപറഞ്ഞത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന മദ്‌നി, തന്റെ തിരിച്ചുവരവ് പ്രസംഗത്തിൽ ഹാഫിസ് സയീദിനെ ന്യായീകരിക്കാനും മഹത്വവത്കരിക്കാനുമാണ് ശ്രമിച്ചത്. സയീദ് കശ്മീരിനായി വലിയ ത്യാഗം ചെയ്തയാളാണെന്നും രാജ്യത്തിനായി പതിനായിരം യുവാക്കളെ കശ്മീരിലേക്ക് അയച്ച അദ്ദേഹത്തിന്റെ നിലവിലെ തടവ് അന്യായമാണെന്നും മദ്‌നി അവകാശപ്പെട്ടു.
കശ്മീരിലെ ഭീകരപ്രവർത്തനങ്ങളിലും അക്രമങ്ങളിലും ലഷ്‌കറെ തോയ്ബയ്ക്കുള്ള നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്നതാണ് സ്വന്തം നാട്ടിലെ പുരോഹിതനിൽ നിന്നുതന്നെയുണ്ടായ ഈ തുറന്നുപറച്ചിൽ. 166 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ക്രൂരമായ അക്രമങ്ങളുടെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സയീദ്. അൽ-ഖ്വയ്ദ, താലിബാൻ തുടങ്ങിയ സംഘടനകളുമായുള്ള ബന്ധം കാരണം 2005-ൽ ഐക്യരാഷ്ട്രസഭ ലഷ്‌കറെ തോയ്ബയെ നിരോധിക്കുകയും 2008-ൽ യുഎസ് ഹാഫിസ് സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2025 ഏപ്രിലിൽ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണ കേസിൽ ഹാഫിസ് സയീദിനെതിരെ ജമ്മു കോടതി അടുത്തിടെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ മുംബൈ ഭീകരാക്രമണ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ അവരുടെ അഭാവത്തിൽ തന്നെ വിചാരണ നടത്താനുള്ള നടപടികളുമായി മുംബൈ പോലീസും മുന്നോട്ടുപോകുന്നുണ്ട്.










