ജയ്പൂരിന്റെ അതിർത്തിഗ്രാമമായ രാംപുരയിലെ കൊച്ചുവീട്ടിലിരുന്ന് അക്ഷയ് ശർമ്മ തന്റെ ടിവി സ്ക്രീനിലേക്ക് നോക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഹരാരെയിലെ സ്റ്റേഡിയത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ് പന്തെറിയാൻ നിൽക്കുന്നത് തന്റെ അനുജൻ അശോക് ശർമ്മയാണ്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി മണിക്കൂറിൽ 154.2 കി.മീ വേഗതയിൽ പന്തെറിഞ്ഞ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ഇരുപത്തിനാലുകാരൻ, ഇന്ന് സിംബാബ്‌വെക്കെതിരായ പരമ്പരയിലൂടെ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. ആ യാത്രയ്ക്ക് പിന്നിൽ കണ്ണീരിന്റെയും ഒരു കുടുംബത്തിന്റെ വലിയ ത്യാഗത്തിന്റെയും കഥയുണ്ടായിരുന്നു.
വർഷങ്ങൾക്ക് മുൻപ്, പത്രവിതരണക്കാരനും ഡ്രൈവറുമായിരുന്ന അവരുടെ അച്ഛന് ഒരു നിർണ്ണായക തീരുമാനമെടുക്കേണ്ടി വന്നു. രണ്ട് ആൺമക്കൾക്കും ക്രിക്കറ്ററാവണം, രണ്ടുപേരും പേസ് ബൗളർമാർ. എന്നാൽ സീസൺ ബോൾ വാങ്ങി രണ്ടുപേരെയും ഒരേസമയം കളിപ്പിക്കാനുള്ള സാമ്പത്തിക ശേഷി ആ കുടുംബത്തിനില്ലായിരുന്നു. “ഒരാളെ മാത്രമേ എനിക്ക് പഠിപ്പിക്കാനാകൂ, ആരാണെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക,” ആ അച്ഛൻ മക്കളോട് പറഞ്ഞു. ഒരു നിമിഷം പോലും ആലോചിക്കാതെ ജ്യേഷ്ഠൻ അക്ഷയ് സ്വന്തം സ്വപ്നം വേണ്ടെന്നുവെച്ചു. “അവനാണ് എന്നെക്കാൾ ചെറുത്, അവന് കൂടുതൽ അവസരങ്ങളുണ്ട്,” അക്ഷയ് തന്റെ ആഗ്രഹങ്ങൾ ഉള്ളിലടക്കി അനുജന്റെ കൈപിടിച്ചു. അന്ന് ജില്ലാതല അണ്ടർ 16 ട്രയൽസിന് അശോകിനെ എത്തിക്കാൻ അക്ഷയ് തന്റെ ബൈക്കിൽ 45 കിലോമീറ്ററോളം ദൂരം യാത്ര ചെയ്തു.
അവിടെവെച്ചാണ് രാജസ്ഥാന്റെ മുൻ രഞ്ജി താരം വിവേക് യാദവ് ആ മെലിഞ്ഞുണങ്ങിയ പയ്യനിലെ അസാധാരണ വേഗത തിരിച്ചറിയുന്നത്. അദ്ദേഹം അശോകിനെ തന്റെ ആരവല്ലി ക്രിക്കറ്റ് അക്കാദമിയിലേക്ക് കൂട്ടി, ഫീസ് പോലും വാങ്ങാതെ സ്വന്തം അക്കാദമിയിൽ താമസിപ്പിച്ചു. കോച്ച് ജഗ്സിമ്രാൻ സിംഗ് അശോകിന്റെ ടെന്നീസ് ബോൾ ശൈലി മാറ്റി മികച്ചൊരു ആക്ഷൻ രൂപപ്പെടുത്തിയെടുത്തു. എന്നാൽ ജീവിതം വീണ്ടും പരീക്ഷണങ്ങൾ നൽകി. അണ്ടർ 19 ടീമിലെ ആദ്യ മത്സരങ്ങളിൽ തിളങ്ങാൻ സാധിക്കാതെ വന്നതോടെ ടീമിൽ നിന്നും പുറത്തായി. പിന്നാലെ, തങ്ങളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച മെന്റർ വിവേക് യാദവ് കോവിഡ് ബാധിച്ച് 36-ാം വയസ്സിൽ മരണപ്പെട്ടു.
തുടർന്ന് അണ്ടർ 23 ടീമിലും അവസരം കിട്ടാതെ മൂന്ന് വർഷത്തോളം അശോക് തഴയപ്പെട്ടു. “ക്രിക്കറ്റ് മതിയാക്കി വല്ല പണിക്കും പോയാലോ ചേട്ടാ,” എന്ന് അശോക് കരഞ്ഞുപറഞ്ഞ ദിവസങ്ങൾ അക്ഷയ് ഓർക്കുന്നു. എന്നാൽ വിട്ടുകൊടുക്കാൻ അവർ തയ്യാറല്ലായിരുന്നു. പൂർണ്ണ വെജിറ്റേറിയനായ അശോക് പഞ്ചസാര പോലും തൊടാതെ കഠിനമായ ഡയറ്റ് പിന്തുടർന്നു. 2021-ൽ റെഡ് ബുൾ സ്പീഡ്സ്റ്റർ മത്സരത്തിലൂടെ വീണ്ടും ശ്രദ്ധ നേടി രാജസ്ഥാൻ റോയൽസിന്റെ നെറ്റ് ബൗളറായി. പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തുവെങ്കിലും ഒരു കളിയിൽ പോലും അവസരം നൽകാതെ ബെഞ്ചിലിരുത്തി ഒഴിവാക്കി.
ഒടുവിൽ രാജസ്ഥാൻ സീനിയർ ടീമിൽ ഇടം ലഭിച്ച അശോക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആ സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന താരമായി മാറി തിരിച്ചടിച്ചു. ഐപിഎൽ 2026-ൽ ഗുജറാത്ത് ടൈറ്റൻസ് ക്യാമ്പിൽ റബാദയും സിറാജും പ്രസിദ്ധ് കൃഷ്ണയുമടങ്ങുന്ന വൻ നിരയിൽ ബാക്കപ്പായിരുന്ന അശോകിലെ തീപ്പൊരി ആശിഷ് നെഹ്റ തിരിച്ചറിഞ്ഞു. ആദ്യ ഇലവനിൽ തന്നെ അവസരം നൽകി. ഡെത്ത് ഓവറുകളിൽ ബാക്ക് ഓഫ് ദി ഹാൻഡ് സ്ലോവർ ബോളുകൾ കൊണ്ടും തീപാറുന്ന യോർക്കറുകൾ കൊണ്ടും അശോക് മാച്ച് വിന്നറായി.
ഇന്ത്യ എ ടീമിലൂടെ ദാംബുല്ലയിൽ പന്തെറിഞ്ഞ അശോക്, ഇപ്പോൾ സീനിയർ ടീമിന്റെ കുപ്പായത്തിലും എത്തിനിൽക്കുന്നു. ഇന്ന് ഒരു അൺഫിലിയേറ്റഡ് ലോക്കൽ കോച്ചായി ജോലി ചെയ്യുന്ന അക്ഷയ്ക്ക് ഒരു നഷ്ടബോധവുമില്ല. തങ്ങൾ അന്ന് എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് ഈ ചേട്ടൻ അഭിമാനത്തോടെ പറയുന്നു. 154 കിലോമീറ്റർ വേഗതയിലെറിഞ്ഞ തന്റെ അനുജൻ ഉടൻ തന്നെ 160 കി.മീ വേഗത എന്ന മാന്ത്രിക സംഖ്യ തൊടുമെന്നും, വൈകാതെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്പ് അണിയുമെന്നും അക്ഷയ് വിശ്വസിക്കുന്നു.












