ഛത്തീസ്ഗഢിലെ കാർഷിക സർവകലാശാലയായ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിൽ ബിരുദ പരീക്ഷാ ചോദ്യപേപ്പർ ചോർത്തിയ കേസിൽ അധ്യാപകനും അഞ്ച് വിദ്യാർത്ഥികളും പിടിയിലായി. ദുർഗ് ഭാരതി അഗ്രികൾച്ചർ കോളേജിലെ അധ്യാപകനായ യോഗേഷ് സോങ്കേസരിയയുടെ നേതൃത്വത്തിലാണ് അതീവ ആസൂത്രിതമായി ചോദ്യങ്ങൾ ചോർത്തിയത്.
ലോക്കൽ പോലീസും സൈബർ വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികൾ വലയിലായത്. പരീക്ഷാ സാമഗ്രികളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന യോഗേഷ്, സീൽ ചെയ്ത കവറിൽ ചെറിയ ദ്വാരമിട്ട് എൻഡോസ്കോപ്പി ക്യാമറ കടത്തിവിട്ടാണ് ചോദ്യങ്ങളുടെ ചിത്രങ്ങൾ പകർത്തിയത്. തുടർന്ന് ഈ ചോദ്യങ്ങൾ പതിനൊന്നായിരം രൂപയ്ക്ക് സ്വന്തം വിദ്യാർത്ഥികൾക്ക് കൈമാറുകയും, ഇത് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയുമായിരുന്നു.
സംഭവത്തിൽ കോളേജ് മേധാവികളെ ചോദ്യം ചെയ്യുമെന്നും സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടിൽ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതോടെ സർവകലാശാല പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ക്രമക്കേട് പുറത്തുവന്നതോടെ റദ്ദാക്കിയ പരീക്ഷ അടുത്ത മാസം ആദ്യം നടത്താനാണ് നിലവിലെ തീരുമാനം. ഒളിവിൽ പോയ മറ്റ് രണ്ട് പേർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.








