സാധാരണക്കാരുടെ ഭാരം ചുമക്കാനും വണ്ടി വലിക്കാനും മാത്രം ഉപയോഗിച്ചിരുന്ന കഴുതകൾക്ക് ഇപ്പോൾ പാകിസ്താനിൽ പൊന്നുംവില. പാകിസ്താനിലെ സാധാരണക്കാരായ തൊഴിലാളികളുടെ ഉപജീവനമാർഗ്ഗമായിരുന്ന കഴുതകളെ തേടി അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ചൈനയിൽ നിന്ന് വൻതോതിൽ ആവശ്യക്കാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ചൈനീസ് പരമ്പരാഗത ഔഷധനിർമ്മാണത്തിന് ആവശ്യമായ ‘എജിയാവോ’ (Ejiao) എന്ന പദാർത്ഥത്തിനായി കഴുതകളുടെ തോൽ വൻതോതിൽ ഉപയോഗിക്കുന്നതാണ് ഈ പെട്ടെന്നുള്ള ആവശ്യകതയ്ക്കും വിലക്കയറ്റത്തിനും പ്രധാന കാരണം.
ചൈനയിൽ കഴുതകളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതോടെയാണ് ലോകത്ത് ഏറ്റവും കൂടുതൽ കഴുതകളുള്ള രാജ്യങ്ങളിലൊന്നായ പാകിസ്താനിലേക്ക് ചൈനീസ് കമ്പനികൾ ശ്രദ്ധ തിരിപ്പിച്ചത്. മുൻപ് 30,000 രൂപയോളം വിലയുണ്ടായിരുന്ന ഒരു കഴുതയ്ക്ക് ഇപ്പോൾ കറാച്ചിയിലെ ലൈയാരി മാർക്കറ്റിൽ ഒന്നര ലക്ഷം മുതൽ 2 ലക്ഷം രൂപ വരെയാണ് വില. കഴുതകളുടെ മാംസവും തോലും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി കരാറുകളിൽ ഒപ്പിട്ട പാകിസ്താൻ സർക്കാർ, കറാച്ചിയിലെ ഗ്വാദർ എക്സ്പോർട്ട് പ്രൊസസിംഗ് സോണിൽ ഇതിനായി പ്രത്യേക ഫാമുകളും പ്രൊസസിംഗ് കേന്ദ്രങ്ങളും സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നു.
എന്നാൽ, കഴുതകളുടെ വില ആകാശം മുട്ടിയതോടെ സ്വന്തമായി കഴുതവണ്ടി ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് സാധാരണക്കാരായ തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പുതിയ കഴുതയെ വാങ്ങാൻ സാധിക്കാതെ പലരും പട്ടിണിയിലാകുന്ന അവസ്ഥയാണുള്ളത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് വാണിജ്യാടിസ്ഥാനത്തിൽ കയറ്റുമതി പ്രോത്സാഹിപ്പിക്കുമ്പോൾ പ്രാദേശിക തൊഴിലാളികളുടെ ജീവിതമാർഗ്ഗം ഇല്ലാതാകുന്നുവെന്ന ആക്ഷേപവും ശക്തമാണ്.












