പഞ്ചാബിലെ ലഹരി പ്രതിസന്ധിയെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ, ലുധിയാനയിലെ ജഗ്രാവോൺ പാലത്തിന് താഴെ യുവാവ് ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് സ്ഥിരീകരിച്ച് പഞ്ചാബ് പോലീസ്. ബിജെപി നേതാവ് രവ്‌നീത് സിംഗ് ബിട്ടു സമൂഹമാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച ഈ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട് എഎപി സർക്കാരിനെതിരെ ബിജെപി രാജ്യസഭാ എംപിയായ ഹർഭജൻ സിംഗ് രംഗത്തെത്തിയിരുന്നു. മുൻപ് രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു ലഹരി വീഡിയോ പഞ്ചാബിലേതാണെന്ന പേരിൽ തെറ്റായി പങ്കുവെച്ചതിന് ഹർഭജൻ കടുത്ത വിമർശനം നേരിട്ടിരുന്നു. ഇതിനെ പരാമർശിച്ച്, ഇനി ശമ്പളം വാങ്ങി പ്രവർത്തിക്കുന്ന ട്രോളന്മാർ ഈ ജഗ്രാവോൺ പാലം പോലും രാജസ്ഥാനിലാണെന്ന് വാദിക്കുമോ എന്ന് അദ്ദേഹം പരിഹസിച്ചു.
വീഡിയോ പഴയതാണെങ്കിലും ജഗ്രാവോൺ പാലത്തിന് താഴെ വെച്ച് ലഹരിമരുന്ന് കുത്തിവെച്ച യുവാവിനെ ഓഗസ്റ്റ് 12-ന് ലുധിയാന പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി. റോഡിലൂടെ ലഹരി ബാധിതരായ രണ്ടുപേർ നടക്കുന്ന വീഡിയോ ഹർഭജൻ മുൻപ് പങ്കുവെക്കുകയും പഞ്ചാബിലെ യുവാക്കൾ കൂടുതൽ മെച്ചപ്പെട്ട സാഹചര്യം അർഹിക്കുന്നുണ്ടെന്ന് കുറിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് രാജസ്ഥാനിൽ നിന്നുള്ളതാണെന്ന് ഫാക്ട് ചെക്കിലൂടെ തെളിഞ്ഞതോടെ എഎപി സർക്കാരിനെതിരായ നീക്കം തിരിച്ചടിയായി മാറിയിരുന്നു.
പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം മുതലെടുത്ത് ഡ്രോണുകളും ജിപിഎസ് പേലോഡുകളും എൻക്രിപ്റ്റഡ് ആശയവിനിമയങ്ങളും വഴി വൻതോതിൽ സിന്തറ്റിക് മരുന്നുകളും ഹെറോയിനും കടത്തുന്ന വലിയ ലഹരി മാഫിയയാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ലഹരി മാഫിയകൾക്കെതിരെ കർശന നടപടിയെടുക്കുന്നുണ്ടെന്ന് ഭഗവന്ത് മാൻ സർക്കാർ ആവർത്തിക്കുമ്പോഴും, ഇത്തരം വൈറൽ ദൃശ്യങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ്.








