ന്യൂഡൽഹി: അയൽരാജ്യമായ നേപ്പാളിൽ ഉണ്ടായ വിനാശകരമായ പ്രളയത്തിൽപ്പെട്ട് 288 ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ തൃശൂലി വൺ പവർ പ്രൊജക്റ്റിൽ ജോലി ചെയ്തിരുന്ന 73 ഇന്ത്യൻ ജീവനക്കാരും ഉൾപ്പെടുന്നു. ഇവർക്കായി തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമാക്കിയിരിക്കുകയാണ്.
പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെയും ബന്ധപ്പെടാൻ കഴിയാത്തവരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പദ്ധതി തലവനുമായും നേപ്പാൾ അധികൃതരുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് വാർത്താസമ്മേളനത്തിൽ വിവരം പങ്കുവെച്ചത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കേന്ദ്ര സർക്കാർ തുറന്നിട്ടുണ്ട്.
നേപ്പാളിലെ പ്രളയക്കെടുതിയിൽ പ്രധാനമന്ത്രി നേപ്പാൾ പ്രധാനമന്ത്രിയുമായി ബുധനാഴ്ച ഫോണിൽ സംസാരിച്ച് അനുശോચനം അറിയിച്ചിരുന്നു. ദുരന്തമുഖത്ത് നേപ്പാളിലെ ജനങ്ങൾക്ക് ഇന്ത്യ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായതോടെ മേഖലയിലെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.കാണാതായവർക്കായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും വേഗം കണ്ടെത്താനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്.











