ന്യൂഡൽഹി : ആഗോള കായിക വേദികളിൽ രാജ്യത്തിന്റെ മെഡൽ നേട്ടം ഉയർത്തുന്നതിനായി ഒളിമ്പിക്സ് ഇനങ്ങളിൽ കൂടുതൽ യുവാക്കൾ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി മൈ ഭാരത് (MY Bharat) സംഘടിപ്പിച്ച ‘ഖേലോ ഇന്ത്യ ഡയലോഗ്’ പരിപാടിയിൽ രാജ്യത്തുടനീളമുള്ള യുവ കായികതാരങ്ങളെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മേഖലയെ കേവലം വിനോദമായി കാണാതെ രാഷ്ട്രനിർമ്മാണത്തിന്റെ പ്രധാന ഘടകമായി മാറ്റേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
2036-ലെ ഒളിമ്പിക്സ് വേദിയാകാൻ ഇന്ത്യ ലക്ഷ്യമിടുന്ന പശ്ചാത്തലത്തിൽ, അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം മികച്ച കായികതാരങ്ങളെ വാർത്തെടുക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒളിമ്പിക്സിലെ പകുതിയിലധികം മത്സര ഇനങ്ങളിലും നിലവിൽ ഇന്ത്യയ്ക്ക് കാര്യമായ പ്രാതിനിധ്യമില്ലെന്ന യാഥാർത്ഥ്യം അദ്ദേഹം പങ്കുവെച്ചു. 5 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ശാസ്ത്രീയമായ രീതിയിൽ കായിക അഭിരുചി കണ്ടെത്തി പരിശീലനം നൽകുന്ന വിപുലമായ ടാലന്റ് ഹണ്ട് പദ്ധതി ഉടൻ ആരംഭിക്കുമെന്നും, യുവ കായികതാരങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കായിക മികവിനൊപ്പം ലഹരിമുക്ത ഭാരതം (നാഷാ മുക്ത് യുവ), യുവ നേതൃത്വം, വികസിത ഭാരതം എന്നീ ലക്ഷ്യങ്ങളും മുന്നോട്ടുവെക്കുന്നതാണ് പുതിയ പ്രചാരണ പരിപാടി. രാജ്യത്തെ എല്ലാ ജില്ലകളിലെയും കോളേജുകളിൽ വെർച്വലായി നടന്ന ചടങ്ങിൽ പ്രമുഖ കായികതാരങ്ങളും മെഡൽ വിജയികളും പങ്കെടുത്തു. കായിക ശാസ്ത്ര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുതാര്യമായ തിരഞ്ഞെടുപ്പ് രീതിയിലൂടെ അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ നിർമ്മിച്ചെടുക്കാനാണ് കായിക മന്ത്രാലയം പദ്ധതിയിടുന്നത്.











