തിരുവനന്തപുരം: കേരള കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ സമസ്യയായ സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യത്തിന് നാല് പതിറ്റാണ്ടിനു ശേഷം ഉത്തരവുമായി ക്രൈംബ്രാഞ്ച്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ജീവനോടെയില്ലെന്നും വർഷങ്ങൾക്ക് മുൻപ് തന്നെ ഹൃദ്രോഗം ബാധിച്ച് മരിച്ചെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നിരിക്കുന്നത്. ഇതോടെ കേരളം കണ്ട ഏറ്റവും വലിയ തിരോധാനക്കേസിന്റെ ഫയലുകൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നു. തെളിയാത്ത കേസുകൾ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് നിർണായകമായ ഈ കണ്ടെത്തൽ.
1984 ജനുവരി 22-നാണ് എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി താനാണെന്ന് വരുത്തിത്തീർക്കാൻ സുകുമാരക്കുറുപ്പും കൂട്ടാളികളും ചേർന്ന് ഫിലിം റെപ്രസന്റേറ്റീവായ ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചത്. തുടർന്ന് ഒളിവിൽ പോയ കുറുപ്പിനായി രാജ്യത്തിനകത്തും പുറത്തുമായി കേരള പൊലീസ് പതിറ്റാണ്ടുകളോളം വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അടുത്തിടെ, കുറുപ്പിനെ അവസാനമായി കണ്ടുവെന്ന് പറയപ്പെടുന്ന ജാർഖണ്ഡിലെ നഴ്സ് രത്നമ്മ ഉൾപ്പെടെയുള്ളവരിൽ നിന്നും അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തിരുന്നു. 1988-ൽ ജാർഖണ്ഡിലെ ബൊക്കാറോ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുറുപ്പിനെ അവസാനമായി കണ്ടതെന്നാണ് വിവരം.
ഇതിനു പുറമെ ബന്ധുക്കളുമായോ കുടുംബവുമായോ ഇയാൾ വർഷങ്ങളായി യാതൊരുവിധ ബന്ധവും പുലർത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജീവിച്ചിരിപ്പുണ്ടെങ്കിൽ കുറുപ്പിന് ഇപ്പോൾ എൺപതിലേറെ വയസ്സ് പ്രായമുണ്ടാകും. ലഭിച്ച തെളിവുകളും സാഹചര്യങ്ങളും പരിശോധിച്ച് ഏതാനും വിവരങ്ങൾ കൂടി ഉറപ്പുവരുത്തിയ ശേഷം അടുത്ത ഒരു മാസത്തിനുള്ളിൽ ക്രൈംബ്രാഞ്ച് മേധാവിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഉന്നതതല ചർച്ചകൾക്ക് ശേഷമായിരിക്കും കേസിലെ ഔദ്യോഗിക നടപടികൾ പൂർണമായും അവസാനിപ്പിക്കുക.












