‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനിടെ ഇന്ത്യയുടെ അത്യാധുനിക എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കൃത്യമായ താവളങ്ങൾ കണ്ടെത്താൻ പാകിസ്ഥാൻ രാജ്യത്തിനകത്തുള്ള ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും വിന്യസിച്ചിരുന്നതായി മുൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ഓപ്പറേഷൻ സമയത്ത് ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡ് മേധാവിയായിരുന്ന എയർ മാർഷൽ (റിട്ട.) ജിതേന്ദ്ര മിശ്രയാണ് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്.
റഷ്യൻ നിർമ്മിത എസ്-400 എയർ ഡിഫൻസ് സിസ്റ്റം അതിർത്തിയിൽ തീർത്ത പ്രതിരോധക്കോട്ട പാക് വ്യോമസേനയ്ക്ക് വൻ തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഇതിന്റെ പ്രഹരശേഷി ഭയന്ന് പാക് യുദ്ധവിമാനങ്ങൾക്ക് ഇന്ത്യൻ അതിർത്തിയുടെ 200 കിലോമീറ്റർ പരിധിയിലേക്ക് പോലും കടന്നുവരാൻ കഴിഞ്ഞിരുന്നില്ല. ഈ സുരക്ഷാ കവചം മറികടക്കാൻ വഴിയില്ലാതെ വന്നതോടെയാണ് ഇന്ത്യയിലുള്ള തങ്ങളുടെ സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ച് മിസൈലുകളുടെ സ്ഥാനം കണ്ടെത്താൻ പാകിസ്ഥാൻ ശ്രമിച്ചത്. ഇതിനുപുറമെ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങളും മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹ വിവരങ്ങളും അവർ ആശ്രയിച്ചിരുന്നു.
ഓപ്പറേഷന്റെ ഭാഗമായി സർഗോധയിൽ നിന്ന് പറന്നുയർന്ന പാകിസ്ഥാന്റെ എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ വിമാനത്തെ (AWACS) ഏകദേശം 314 കിലോമീറ്റർ ദൂരത്തുനിന്ന് എസ്-400 വിജയകരമായി തകർത്തതായും അദ്ദേഹം വ്യക്തമാക്കി. ആധുനിക സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സർഫസ്-ടു-എയർ ആക്രമണങ്ങളിലൊന്നാണിത്. സാധാരണ പൗരന്മാർക്ക് യാതൊരു അപകടവും ഉണ്ടാകാതെ ഭീകരരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും മാത്രം ഉന്നമിട്ട് കൃത്യമായ പ്രഹരമേൽപ്പിക്കാൻ സൈന്യത്തിന് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെന്നും മിശ്ര കൂട്ടിച്ചേർത്തു.









