പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു. ഫിറോസ്പൂർ ജില്ലയിൽ ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപിയെ അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. മാംഡോട് പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരമാണ് ഈ ദാരുണമായ സംഭവം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് വെടിയുതിർത്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു പാർട്ടി പ്രവർത്തകനായ ഹർപ്രീത് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുർപ്രീതും ഹർപ്രീതും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുർപ്രീത് സിംഗിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുറ്റവാളികൾ സംഭവസ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെട്ടു. പഴയ തെരഞ്ഞെടുപ്പ് വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഫിറോസ്പൂർ എസ്എസ്പി ഭൂപീന്ദർ സിംഗ് സിദ്ധു വ്യക്തമാക്കി.
സംഭവത്തിൽ പോലീസും ഫോറൻസിക് സംഘവും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്തുനിന്നും പരിസര പ്രദേശങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ പോലീസുകാർ ശേഖരിക്കുന്നുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. സംഭവം മേഖലയിൽ വലിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായിട്ടുണ്ട്.








