പാക് അധീന കശ്മീരിലെ (പിഒകെ) ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ആഹ്വാനം ചെയ്ത് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി. ഇപ്പോഴത്തെ നേതൃത്വത്തിന് എന്തെങ്കിലും സംഭവിച്ചാലും യുവാക്കളും മുതിർന്നവരും ഉറച്ചുനിന്ന് ഈ പോരാട്ടം മുന്നോട്ട് നയിക്കണമെന്നും ഒരു കാരണവശാലും തോൽവി സമ്മതിക്കരുതെന്നും പ്രക്ഷോഭ നേതാവ് സർദാർ അമൻ ഖാൻ അണികളോട് ആവശ്യപ്പെട്ടു. അടിസ്ഥാന അവകാശങ്ങൾക്കും വിഭവങ്ങൾക്കും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടം ആവശ്യങ്ങൾ അംഗീകരിക്കും വരെ തുടരുമെന്ന് ലോകമെമ്പാടുമുള്ള അനുയായികൾക്ക് നൽകിയ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
പ്രക്ഷോഭത്തെ അടിച്ചമർത്താനായി അധികൃതർ പ്രധാന റോഡുകൾ ഉപരോധിച്ചതിനെ തുടർന്ന് പാക് അധീന കശ്മീരിലുടനീളം മരുന്നുകളുടെയും അവശ്യ ഭക്ഷ്യസാധനങ്ങളുടെയും രൂക്ഷമായ ക്ഷാമം അനുഭവപ്പെടുകയാണെന്ന് അമൻ ഖാൻ ആരോപിച്ചു. പ്രദേശം ഒരു കർബലയ്ക്ക് സമാനമായ അവസ്ഥയിലാണെന്നും വഴികൾ അടച്ച് ജനങ്ങളെ പട്ടിണിക്കിട്ട് മുട്ടുകുത്തിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. വെറും വാക്കുകളിലൂടെയുള്ള പിന്തുണയിൽ ഒതുങ്ങാതെ മുഴുവൻ ജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വെറും വൈകാരിക മുദ്രാവാക്യങ്ങൾ മാത്രം ഉയർത്താതെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യക്തമായ നയങ്ങളും പദ്ധതികളും മുന്നോട്ട് വെക്കാൻ പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികളോട് അമൻ ഖാൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം, തൊഴിൽ, നീതി എന്നിവ ഉറപ്പാക്കുന്നതിലും ഫ്യൂഡൽ ശക്തികളുടെ ചൂഷണത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിലും പ്രതിപക്ഷത്തിന്റെ നയം എന്താണെന്ന് വ്യക്തമാക്കണം. വിഭവങ്ങളുടെ മേലുള്ള നിയന്ത്രണവും നീതിയും ലഭിക്കുന്നതുവരെ തെരുവിൽ തന്നെ തുടരുമെന്നും സർദാർ അമൻ ഖാൻ ആവർത്തിച്ചു








