ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന് ഇന്ത്യൻ സംസ്കാരവും ചെസ്സ് ലോകത്തെ സുവർണ്ണ ചരിത്രവും ഇഴചേർത്ത അപൂർവ്വ സമ്മാനങ്ങൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉസ്ബെക്കിസ്ഥാന്റെ യുവ ഗ്രാൻഡ്മാസ്റ്റർ ജാവോഖിർ സിന്ദാരോവ് ഗോവയിൽ നടന്ന ഫിഡെ ലോകകപ്പ് ഫൈനലിൽ കിരീടം നേടിയപ്പോൾ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ഒറിജിനൽ സ്കോർഷീറ്റാണ് പ്രധാനമന്ത്രി സമ്മാനിച്ചത്.
ചൈനീസ് താരം വെയ് യിയെ ടൈബ്രേക്കിൽ തോൽപ്പിച്ച് ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം സിന്ദാരോവ് കുറിച്ച നിർണ്ണായക പോരാട്ടത്തിന്റെ സ്മരണികയാണിത്. താരത്തിന്റെ ചിത്രത്തോടൊപ്പം ലെതറെറ്റ് കവറിൽ ഉൾപ്പെടുത്തിയാണ് ഈ അപൂർവ്വ രേഖ ഉസ്ബെക് പ്രസിഡന്റിന് നൽകിയത്.
ചെസ്സ് സ്മരണികയ്ക്ക് പുറമെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഉപഹാരങ്ങളും പ്രധാനമന്ത്രി കൈമാറി. ജമ്മു കശ്മീരിന്റെ തനത് ഈണമായ ചന്ദനത്തടിയിൽ നിർമ്മിച്ച ശതതന്ത്രി വീണ (സന്തൂർ), കൊത്തുപണികൾ ചെയ്ത തടിപ്പെട്ടികളിലാക്കിയ പ്രീമിയം കാംഗ്ര ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവയും മിർസിയോയേവിന് സമ്മാനിച്ചു. ഉസ്ബെക് പ്രഥമ വനിതയ്ക്ക് ബനാറസി പട്ട് ഷാളും മാർബിൾ ഇൻലേ പെട്ടിയും മകൾക്ക് വെള്ളിയിൽ തീർത്ത പൂക്കളുടെ മാതൃകയിലുള്ള ബ്രൂച്ചും സമ്മാനമായി നൽകി. ഉസ്ബെക്കിസ്ഥാൻ പ്രധാനമന്ത്രിക്കും പരമ്പരാഗത മാർബിൾ ഇൻലേ അലങ്കാര തളിക സമ്മാനിച്ചുകൊണ്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കിയത്.








