സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഒൻപതാം ക്ലാസുകാരിയെ മുടിയ്ക്ക് പിടിച്ച് വലിച്ചിഴച്ച് സ്കൂൾ ശൗചാലയത്തിലേക്ക് കൊണ്ടുപോയി മുഖത്ത് അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയുമായിരുന്നു. കോഴിക്കോട് ഓമശ്ശേരിയിലെ പ്രമുഖ മലയോര മേഖലയിലുള്ള ഹൈസ്‌കൂളിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അതിക്രമം നടന്നത്.
ഓണാഘോഷത്തിന് ഏത് തരം വസ്ത്രം ധരിക്കണമെന്നതിനെ ചൊല്ലി വിദ്യാർത്ഥിനികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന വിദ്യാർത്ഥിനികൾ ഒൻപതാം ക്ലാസുകാരിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ കുടുംബം സ്കൂൾ അധികൃതർക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്. പോലീസും സ്കൂൾ അധികൃതരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









