മലപ്പുറം: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെക്കുറിച്ചുള്ള പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പിന്തുണച്ച് ഇ.കെ. സുന്നി വിഭാഗം അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഓരോ മതങ്ങൾക്കും അവരവരുടെ മതപരമായ കാര്യങ്ങളുണ്ടെന്നും, ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ ആരും ചെറുതാക്കി കാണിക്കാനോ എതിർക്കാനോ മുതിരരുതെന്നും കളമശ്ശേരിയിൽ നടന്ന മദ്ഹുറസൂൽ സംഗമത്തിൽ സംസാരിക്കവെ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഇന്ത്യ എല്ലാ മതസ്ഥർക്കും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനും മതം പറയാനും സ്വാതന്ത്ര്യം നൽകുന്ന മഹാരാജ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‌ലിങ്ങളുടെ നിയമങ്ങൾ പറയുമ്പോൾ അത് സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് സ്വീകരിക്കാം, അല്ലാത്തവർക്ക് തള്ളിക്കളയാം. മതപരമായ കാര്യങ്ങൾ ചിലർ പറയുമ്പോൾ അത് കാലികമല്ലെന്ന് ആരോപിച്ച് അതിനെ കൊച്ചാക്കി കാണിക്കുന്ന നിലപാട് ശരിയല്ല. കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ പരോക്ഷമായി വിമർശിച്ച ജിഫ്രി തങ്ങൾ, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തി സംസാരിക്കരുതെന്നും ഓർമ്മിപ്പിച്ചു.
വിശുദ്ധ ശരീഅത്ത് നിയമങ്ങൾ കാലത്തിനനുസരിച്ച് മാറ്റേണ്ടതില്ലെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും തങ്ങൾ പറഞ്ഞു. പരസ്പര സൗഹാർദ്ദവും ബഹുമാനവും നിലനിർത്തിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആചാരങ്ങളെ ചെറുതാക്കാൻ ശ്രമിച്ചാൽ അതിന് സാധിക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.










