ഇറാനുമായുള്ള സൈനിക നീക്കങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അമേരിക്ക ശക്തമാക്കുന്നതിനിടെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അന്താരാഷ്ട്ര വ്യാപാര പാതയിൽ ഏറെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ (Strait of Hormuz) പേരുമാറ്റി ‘ട്രംപ് കടലിടുക്ക്’ (Trump Strait) എന്നു പുനർനാമകരണം ചെയ്യണമോ എന്ന് അദ്ദേഹം പരസ്യമായി ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇറാനെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ട്രംപിന്റെ പുതിയ പരാമർശം.
പേരുമാറ്റുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ചിന്തിക്കുകയാണെന്നും അത് കേൾക്കാൻ നല്ല രസമുണ്ടാവുമെന്നുമാണ് ട്രംപ് പറഞ്ഞത്. ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ വലിയൊരു ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന സന്ദേശം നൽകാനാണ് ട്രംപിന്റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേർഷ്യൻ ഉൾക്കടൽ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായി നിലനിൽക്കുകയാണ്. അതിനിടയിൽ ട്രംപ് നടത്തിയ ഈ പുതിയ പ്രസ്താവന മേഖലയിലെ യുദ്ധസമാനമായ അന്തരീക്ഷത്തിന് കൂടുതൽ ആഘാതമേൽപ്പിക്കാൻ സാധ്യതയുണ്ട്.












