സമസ്ത കാന്തപുരം വിഭാഗം അധ്യക്ഷൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ കടുത്ത നിലപാടുമായി രാജീവ് ചന്ദ്രശേഖർ എംഎൽഎ. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും പരിമിതപ്പെടുത്താനുള്ള ഏത് നീക്കത്തെയും ബിജെപി പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങളും ഇന്ത്യൻ ഭരണഘടനയും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് ഇക്കൂട്ടരുടെ സമീപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ഉയർത്തുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളും അവരുടെ ആശയപ്രചാരകനായ കാന്തപുരത്തിന്റെ പ്രസ്താവനകളും സമാനമാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സ്ത്രീകൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും ആഹ്വാനം ചെയ്യുന്നത് ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. സതീശന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്-മുസ്‌ലിം ലീഗ് മുന്നണി ശക്തിപ്പെട്ടതിന് പിന്നാലെ, കേരളത്തെ മധ്യകാല ഇരുട്ടിലേക്ക് തള്ളിയിടാനുള്ള ശ്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ പുലർത്തുന്ന ബോധപൂർവ്വമായ മൗനത്തെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്തു. ഡൽഹിയിലിരുന്ന് പുരുഷാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന രാഹുൽ ഗാന്ധിയും, ‘ലഡ്കി ഹൂം, ലഡ് സക്തി ഹൂം’ എന്ന് ഉത്തരേന്ത്യയിൽ മുദ്രാവാക്യം വിളിക്കുന്ന വയനാട് എം.പി പ്രിയങ്ക ഗാന്ധിയും ഇത്തരം വിഷയങ്ങളിൽ കണ്ണടയ്ക്കുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പും നാണമില്ലായ്മയുമാണ് വ്യക്തമാക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീ സമത്വത്തിനും വിമോചനത്തിനും വേണ്ടി ബിജെപി രാഷ്ട്രീയമായും നിയമപരമായും ശക്തമായി പോരാടുമെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.











