തൃശ്ശൂർ: തൃശ്ശൂർ കയ്പമംഗലത്ത് ദേശീയപാത 66-ൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി നാടിനെ നടുക്കിയ ദുരന്തത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ പനമ്പിക്കുന്ന് സെന്ററിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവർ തമിഴ്‌നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളും കാർ ഡ്രൈവറുമാണെന്നാണ് വിവരം.
സേലം സ്വദേശി വിശ്വം (20), ഡിണ്ടിഗൽ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), മധുര സ്വദേശികളായ സന്തോഷ് (20), പ്രസന്ന എന്നിവരടക്കം അഞ്ച് വിദ്യാർഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി വഴിതിരിച്ചുവിട്ട മേഖലയിൽ പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ അമിതവേഗതയിലെത്തി ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചതിന്റെ ആഘാതത്തിൽ കാർ ലോറിക്കടിയിലേക്ക് തള്ളിപ്പോകുകയും പൂർണമായി തകരുകയും ചെയ്തു. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഏഴ് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.
ദേശീയപാതയുടെ സ്പീഡ് ട്രാക്കിൽ ആവശ്യത്തിന് സൂചനാബോർഡുകളോ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ലോറി നിർത്തിയിട്ടിരുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കയ്പമംഗലം പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.












