കോട്ടയം മെഡിക്കൽ കോളേജിനെതിരെ അതീവ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണവുമായി കുടുംബം രംഗത്ത്. കോഴിക്കോട് സ്വദേശിനിയായ അഞ്ജു വിനീഷിന്റെ ഒരു വയസ്സുള്ള കുഞ്ഞിന്റെ ശരീരത്തിലാണ് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ഉപയോഗിക്കുന്ന സൂചി കണ്ടെത്തിയത്.
പ്രസവത്തിന് ശേഷമുള്ള ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചുണ്ടായ വീഴ്ചയാണിതെന്നും ഒരു വർഷത്തോളമാണ് കുഞ്ഞ് ഈ ക്രൂരമായ വേദന സഹിച്ചതെന്നും മാതാപിതാക്കൾ ആരോപിച്ചു. കുഞ്ഞിന് നിരന്തരമായി അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ സൂചി തറഞ്ഞിരിക്കുന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ശരീരത്തിൽ നിന്ന് സൂചി വിജയകരമായി പുറത്തെടുത്തു.
സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.










