കണ്ണൂർ: സി.പി.എം. ഭരണസമിതി നിയന്ത്രിക്കുന്ന പ്രമുഖ സഹകരണ സ്ഥാപനമായ കേരള ദിനേശ് ബീഡി വർക്കേഴ്‌സ് സെൻട്രൽ സഹകരണ സംഘത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം. തമിഴ്‌നാട് ആസ്ഥാനമായുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് മാനദണ്ഡങ്ങൾ ലംഘിച്ച് 1.70 കോടി രൂപ കൈമാറിയ സംഭവത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോൺഗ്രസ് മുൻ കണ്ണൂർ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ ടി.ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തമിഴ്‌നാട്ടിലെ ‘ശ്രീലക്ഷ്മി വെങ്കിടേശ്വര ഫിനാൻസ്’ എന്ന നിലവിൽ പ്രവർത്തനമില്ലാത്ത സ്വകാര്യ സ്ഥാപനത്തിലേക്കാണ് ദിനേശ് ബീഡി സംഘത്തിൽ നിന്ന് തുക കൈമാറിയത്. കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളായാണ് തുക കൈമാറിയത്. 100 കോടി രൂപയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതിനെ തുടർന്ന്, അതിന്റെ നടപടിക്രമങ്ങൾക്കായി 4 കോടി രൂപ മുൻകൂറായി നൽകണമെന്ന ധാരണയിലാണ് ഭരണസമിതി ഈ പണം നൽകിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ജീവനക്കാരുടെയും ബോർഡ് അംഗങ്ങളുടെയും കടുത്ത എതിർപ്പ് അവഗണിച്ചും വ്യവസായ സഹകരണ വകുപ്പുകളുടെ അനുമതിയില്ലാതെയുമാണ് ലക്ഷക്കണക്കിന് രൂപ സ്വകാര്യ കമ്പനിക്ക് കൈമാറിയതെന്ന് പരാതിയിൽ പറയുന്നു. സർക്കാരിൽ നിന്ന് ഉയർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഇത്തരം ചട്ടലംഘനങ്ങൾ നടന്നതെന്നും ആരോപണമുണ്ട്.
സ്ഥാപനം അടച്ചുപൂട്ടുകയും പിന്നീട് ബംഗളൂരുവിലേക്ക് മാറ്റുകയും ചെയ്ത കമ്പനിക്ക് ഏത് സാഹചര്യത്തിലാണ് ഇത്രയും വലിയ തുക നൽകിയതെന്നും, പണം തിരിച്ചുപിടിക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്നും വിജിലൻസ് സംഘം പരിശോധിക്കും. കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിനേശ് ബീഡി സംഘത്തിൽ അയ്യായിരത്തിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഭരണസമിതിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.












