2027-ലെ ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ബാക്കപ്പ് ഓപ്പണറായി സഞ്ജു സാംസണെ കാണുന്നില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റ് ഇതിഹാസവുമായ വസീം ജാഫർ. ദൂരദർശനിലെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ’യിൽ സംസാരിക്കവെയാണ് സഞ്ജുവിന്റെ ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടി ജാഫർ നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയത്.
മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുക്കാനുള്ള അപാരമായ കരുത്ത് സഞ്ജുവിനുണ്ടെങ്കിലും, ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട 50 ഓവർ ഫോർമാറ്റിൽ സഞ്ജുവിന് സ്ഥിരത നിലനിർത്താൻ കഴിയുന്നില്ലെന്നും, അതിനാൽ മലയാളി താരം ടി20 ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജു തന്റെ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഏകദിന ഫോർമാറ്റിന് ആവശ്യമായ ഇന്നിംഗ്സ് മാനേജ്‌മെന്റിൽ മറ്റ് താരങ്ങളാണ് കൂടുതൽ അനുയോജ്യരെന്നാണ് ജാഫറിന്റെ പക്ഷം.
ഏകദിനത്തിൽ ശുഭ്മൻ ഗില്ലിന് പുറമെ യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, റുതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങളാണ് ഓപ്പണിംഗ് റോളിലേക്ക് സഞ്ജുവിനേക്കാൾ കൂടുതൽ ഫലപ്രദമെന്ന് ജാഫർ ചൂണ്ടിക്കാട്ടി. വിരാട് കോഹ്‌ലിയെപ്പോലെ കൃത്യമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും പരമ്പരാഗത ക്രിക്കറ്റിംഗ് ഷോട്ടുകളിലൂടെ ഇന്നിംഗ്സ് പടുത്തുയർത്താനും കഴിയുന്ന സാങ്കേതിക മികവുള്ള കളിക്കാരെയാണ് ഏകദിന ടീമിന് ആവശ്യമെന്നും അത്തരമൊരു ശൈലി സായ് സുദർശനെപ്പോലുള്ള യുവതാരങ്ങൾക്കുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
ഇന്ത്യ കിരീടം നേടിയ ടി20 ലോകകപ്പിൽ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്നതടക്കം ടി20 ഫോർമാറ്റിൽ മികച്ച ഫോമിൽ തുടരുന്ന സഞ്ജുവിന് ഏകദിനത്തിൽ 56-ന് മുകളിൽ മികച്ച ബാറ്റിംഗ് ശരാശരി ഉണ്ടെങ്കിലും, 2027 ലോകകപ്പ് ലക്ഷ്യമിടുന്ന ഇന്ത്യൻ ടീം കോമ്പിനേഷനിൽ ഓപ്പണർ സ്ഥാനത്തേക്ക് സഞ്ജുവിനേക്കാൾ മികച്ച ഓപ്ഷനുകൾ ടീം ഇന്ത്യയ്ക്ക് മുന്നിലുണ്ടെന്ന ജാഫറിന്റെ പ്രസ്താവന വലിയ ക്രിക്കറ്റ് ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.












