തെക്കൻ ലെബനനിലെ കഫാർ റുമാൻ ഗ്രാമത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തിൽ കുട്ടികളും സ്ത്രീകളും അടക്കം ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ വൻ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളായാണ് ഇസ്രായേൽ വ്യോമസേന ഗ്രാമത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. മുൻപ് ഇരുരാജ്യങ്ങളും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ധാരണയിലെത്തിയിരുന്നെങ്കിലും പ്രദേശത്ത് സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഗ്രാമത്തിലെ ഒരു ജനവാസ കെട്ടിടത്തിന് നേരെ നടന്ന ആദ്യ ആക്രമണത്തിൽ ഒരു കുട്ടിയും രണ്ട് സ്ത്രീകളും ഉൾപ്പെടെ എട്ട് പേർ തൽക്ഷണം കൊല്ലപ്പെടുകയും 11 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് ആദ്യ ആക്രമണം നടന്നതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനായി എത്തിയ ലെബനീസ് ഇസ്ലാമിക് റിസാല സ്കൗട്ട് അസോസിയേഷൻ ജീവനക്കാരൻ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിൽ ആംബുലൻസ് ഡ്രൈവറായ പാരാമെഡിക് ജീവനക്കാരൻ കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നബാറ്റിയ നഗരത്തിലേക്ക് പോകുന്ന പ്രധാന പാതകൾ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ കുന്നിൻ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഗ്രാമത്തിന് നേരെ ആക്രമണമുണ്ടായത്. പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ബോംബാക്രമണം നടത്തിയത്. അന്താരാഷ്ട്ര തത്വങ്ങൾ കാറ്റിൽപ്പറത്തി സാധാരണക്കാർക്ക് നേരെ ഇസ്രായേൽ നടത്തുന്ന ഈ തുടർച്ചയായ ആക്രമണങ്ങൾ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.










