ഡൽഹി നിയമസഭയ്ക്കും സ്പീക്കർ വിജേന്ദർ ഗുപ്തയ്ക്കും നേരെ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്പീക്കറുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് രാവിലെ എട്ടരയോടെയാണ് സന്ദേശം എത്തിയത്. നിയമസഭാ മന്ദിരം ബോംബ് വെച്ച് തകർക്കുമെന്നാണ് സന്ദേശത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നത്. സന്ദേശം ലഭിച്ച ഉടൻ തന്നെ സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിക്കുകയും പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തു.
വിവരം അറിഞ്ഞയുടൻ ഡൽഹി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഡോഗ് സ്ക്വാഡിനെ കൂടി ഉൾപ്പെടുത്തി നിയമസഭാ സമുച്ചയവും പരിസര പ്രദേശങ്ങളും പൂർണ്ണമായി പരിശോധിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം സംശയസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇത് ആദ്യമായല്ല ഡൽഹി നിയമസഭയ്ക്കും സ്പീക്കർക്കും നേരെ ഇത്തരം ഭീഷണികൾ വരുന്നത്. ഖാലിസ്ഥാൻ അനുകൂല സംഘടനകളാണ് ഇത്തരം സന്ദേശങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. മുൻപും സമാനമായ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് സ്പീക്കറുടെ സുരക്ഷ കൂടുതൽ ശക്തമാക്കിയിരുന്നു. ഭീഷണി സന്ദേശം അയച്ച ഉറവിടം കണ്ടെത്താൻ സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെ പൊലീസ് സമഗ്ര അന്വേഷണം തുടങ്ങി.








