വധോദര: ഗുജറാത്തിലെ വധോദരയിൽ 35,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കവേ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരിന്റെ വികസന പദ്ധതികളെ നിരന്തരം ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നേതാക്കളെയും വിമർശകരെയും ‘നരാസ് ഫൂഫാ ജി’ (ദേഷ്യക്കാരനായ അമ്മാവൻ) എന്ന് വിളിച്ചാണ് പ്രധാനമന്ത്രി കടന്നാക്രമിച്ചത്.
വധോദരയിൽ നടന്ന ‘നമോ ഫോർ വികസിത് ഭാരത്’ പരിപാടിയിൽ സംസാരിക്കവെ, 2,800 കിലോമീറ്റർ നീളമുള്ള ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ സമർപ്പിച്ചത് ഇരുപതൊന്നാം നൂറ്റാണ്ടിലെ ചരിത്രപരമായ നേട്ടമാണെന്ന് മോദി വിശേഷിപ്പിച്ചു. പദ്ധതിയുടെ പുരോഗതി ചൂണ്ടിക്കാട്ടി മുൻ കോൺഗ്രസ് സർക്കാരിന്റെയും ബിജെപി സർക്കാരിന്റെയും പ്രവർത്തന സംസ്കാരത്തെ അദ്ദേഹം താരതമ്യം ചെയ്തു. 2004-ൽ അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്താണ് ഫ്രൈറ്റ് കോറിഡോർ പദ്ധതിക്ക് രൂപം നൽകിയതെന്നും എന്നാൽ 2014-ൽ ബിജെപി അധികാരത്തിൽ വരുന്നത് വരെ യുപിഎ സർക്കാരിന്റെ കീഴിൽ പദ്ധതിയിൽ ഒരു അനക്കവും ഉണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഇത്തരം വൻകിട പദ്ധതികളുടെ ഉപയോഗത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട്, “അങ്ങനെ ചെയ്യുമ്പോൾ ഒരു ദേഷ്യക്കാരനായ അമ്മാവൻ ‘ഇനി ട്രക്ക് ഡ്രൈവർമാർ എന്തുചെയ്യും?’ എന്ന് ചോദിച്ച് കരയും; എന്തായാലും അമ്മാവന് ഇപ്പോൾ പറയാൻ ഒരു പണിയായി” എന്ന് മോദി ട്രോളി. 2014-ന് ശേഷം ഇന്ത്യ 50,000 ആധുനിക റെയിൽവേ കോച്ചുകൾ നിർമ്മിച്ചപ്പോൾ, മുൻ യുപിഎ സർക്കാരിന് 10 വർഷം കൊണ്ട് 50,000 ശൗചാലയങ്ങൾ പോലും നിർമ്മിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ഒരു പുതിയ മാനുഫാക്ചറിംഗ് യുഗത്തിലേക്കാണ് രാജ്യം കടക്കുന്നതെന്നും സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.










