ചെന്നൈ/ലേ: കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് പ്രതികൂല സാഹചര്യങ്ങളോട് പോരാടി ചരിത്രം കുറിച്ചിരിക്കുകയാണ് ലഡാക്കിലെ വിദൂര പർവ്വത മേഖലയായ ജാൻസ്കറിൽ നിന്നുള്ള 24 കാരിയായ സ്റ്റാൻസിൻ സാങ്‌യാങ്. ഇന്ത്യൻ സേനയിൽ ഓഫീസറാകുന്ന ജാൻസ്കറിലെ ആദ്യ വനിതയെന്ന ചരിത്രനേട്ടമാണ് ഈ പെൺകുട്ടി സ്വന്തമാക്കിയത്. സെപ്റ്റംബർ 5-ന് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) നടന്ന പാസിംഗ് ഔട്ട് പരേഡിലാണ് സ്റ്റാൻസിൻ സാങ്‌യാങ് ഇന്ത്യൻ ആർമി ഓഫീസറായി കമ്മീഷൻ ചെയ്തത്.
അധ്യാപകന്റെയും വീട്ടമ്മയുടെയും മകളായ സാങ്‌യാങ്, ചെറുപ്പകാലം മുതലേ വീടുവിട്ട് ഹോസ്റ്റലുകളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ലേയിലെ ലാംഡൺ മോഡൽ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അസമിലെ തേജ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. ഏകദേശം 14 വർഷത്തോളമാണ് പഠനത്തിനായി താരം കുടുംബത്തിൽ നിന്നും സ്വന്തം നാടായ ജാൻസ്കറിൽ നിന്നും വിട്ടുനിന്നത്. സർവകലാശാല പഠനകാലത്ത് നാഷണൽ കേഡറ്റ് കോർപ്സിൽ (എൻസിസി) ചേർന്നതാണ് സൈന്യത്തിലേക്ക് വഴിത്തിരിവായത്. എൻസിസിയിലൂടെയാണ് വനിതകൾക്കും ആർമിയിൽ ഓഫീസറാകാമെന്ന കാര്യം സാങ്‌യാങ് അറിയുന്നത്.
ദേശീയ തലത്തിൽ വോളിബോൾ താരം കൂടിയായിരുന്ന സാങ്‌യാങ്ങിന്റെ കായിക പശ്ചാത്തലവും കഠിനശിക്ഷണവും സേനയിലേക്കുള്ള വഴി എളുപ്പമാക്കി. കമ്പൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷ പാസ്സായ ശേഷം അലഹബാദിൽ നടന്ന എസ്എസ്ബി അഭിമുഖവും വിജയകരമായി പൂർത്തിയാക്കിയാണ് സാങ്‌യാങ് ചെന്നൈയിലെ ഒടിഎയിൽ പരിശീലനത്തിന് എത്തിയത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ആദ്യമായി എത്തിയ സാങ്‌യാങ്ങിന്റെ മാതാപിതാക്കൾക്ക് മകളുടെ നേട്ടം അഭിമാന നിമിഷമായി മാറി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകൾ ഉൾപ്പെടെ 342 കേഡറ്റുകളാണ് ഇത്തവണത്തെ പരേഡിൽ കമ്മീഷൻ ചെയ്ത് പുറത്തിറങ്ങിയത്. വരുംതലമുറയ്ക്ക് വലിയൊരു മാതൃകയായ സാങ്‌യാങ്, ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങൾ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.










