വധോദര: കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രാജ്യത്തുടനീളം നടത്തുന്ന ‘ഛാത്രോം കീ ഗൂഞ്ച്’ (വിദ്യാർത്ഥികളുടെ ശബ്ദം) പ്രചാരണത്തെ പരിഹസിച്ച് രൂക്ഷമായ രാഷ്ട്രീയ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളങ്ങളുടെ മുഴക്കത്തേക്കാൾ (‘ഝൂട്ട് കീ ഗൂഞ്ച്’) ഇന്ത്യയിലെ യുവതലമുറയുടെ ആഗ്രഹങ്ങളും ശബ്ദവുമാണ് വിജയിക്കാൻ പോകുന്നതെന്ന് മോദി തുറന്നടിച്ചു. ഗുജറാത്തിലെ വധോദരയിൽ നടന്ന ‘നമോ ഫോർ വികസിത് ഭാരത്’ ചടങ്ങിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധിയുടെ പേരെടുത്തു പറയാതെയുള്ള പ്രധാനമന്ത്രിയുടെ കടന്നാക്രമണം.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഓരോ കവലകളിലും ആൾക്കാരുണ്ടാകുമെന്നും എന്നാൽ സത്യത്തിന്റെ പാതയിലാണ് ഇന്ത്യയിലെ യുവാക്കൾ മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. 35,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിക്കുന്ന ചടങ്ങിലായിരുന്നു മോദിയുടെ പ്രതികരണം. 20,700 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ (WDFC) 326 കിലോമീറ്റർ നീളുന്ന അവസാന മൂന്ന് റൂട്ടുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവ്വഹിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയിലെ പ്രവർത്തന സംസ്കാരത്തിൽ വന്ന വമ്പൻ മാറ്റത്തിന്റെ തെളിവാണ് ഈ പദ്ധതി നിർവ്വഹണമെന്ന് മോദി കൂട്ടിച്ചേർത്തു.
രാജ്യത്തെ വരാനിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) യുഗത്തിനായി ‘ജെൻ സീ’ (Gen Z), ‘ജെൻ ആൽഫ’ (Gen Alpha) തലമുറകളെ സജ്ജമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഐടി മേഖലയിൽ മാത്രമായി ഒതുങ്ങാതെ ആരോഗ്യം, ഉൽപ്പാദനം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലും യുവാക്കൾ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. ഇതിനായി കേന്ദ്ര സർക്കാർ വലിയൊരു ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
രാജ്യത്തെ 55 ലക്ഷം കുടുംബങ്ങളിൽ പിഎം സൂര്യഘർ പദ്ധതി വഴി റൂഫ്‌ടോപ്പ് സോളാർ സ്ഥാപിച്ചതായും ഇതിൽ 11 ലക്ഷം കുടുംബങ്ങൾ ഗുജറാത്തിലാണെന്നും മോദി വ്യക്തമാക്കി. ഇതിലൂടെ സാധാരണക്കാർ വൈദ്യുതി ഉത്പാദകരായതിനൊപ്പം വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. 2014-ന് ശേഷം 50,000 ആധുനിക റെയിൽവേ കോച്ചുകളാണ് ഇന്ത്യ നിർമ്മിച്ചതെന്നും, 10 വർഷം കൊണ്ട് 50,000 ശൗചാലയങ്ങൾ പോലും നിർമ്മിക്കാൻ കഴിയാത്തവരായിരുന്നു മുൻ യുപിഎ സർക്കാരെന്നും കോൺഗ്രസിനെ പരിഹസിച്ചുകൊണ്ട് മോദി കൂട്ടിച്ചേർത്തു. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ സ്വന്തമായി നിർമ്മിച്ച് സ്വയംപര്യാപ്തത കൈവരിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.











