ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ സൺ സിറ്റിയിൽ നടന്ന ലോക സബ് ജൂനിയർ ആൻഡ് ജൂനിയർ ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെള്ളിമേഡൽ നേട്ടം കൈവരിച്ച താരം കിയ ബാനർജി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തി. സ്വന്തം ശരീരഭാരത്തിന്റെ മൂന്നിരട്ടിയിലധികം ഭാരം ഉയർത്തി അന്താരാഷ്ട്ര തലത്തിൽ തിളങ്ങിയിട്ടും, കായികരംഗത്തെ നേട്ടത്തിന് പകരം തന്റെ സൗന്ദര്യത്തെയും ശരീരപ്രകൃതിയെയും മാത്രം കേന്ദ്രീകരിച്ച് നടക്കുന്ന ചർച്ചകളിൽ താരം ശക്തമായ അമർഷം രേഖപ്പെടുത്തി.
ജൂനിയർ വനിതകളുടെ 47 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച കിയ, വെറും 45.70 കിലോഗ്രാം ശരീരഭാരവുമായി 140 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ചെയ്താണ് വെള്ളിമേഡൽ കരസ്ഥമാക്കിയത്. സ്‌ക്വാട്ടിൽ 90 കിലോയും ബെഞ്ച് പ്രസ്സിൽ 50 കിലോയും ഉയർത്തിയ താരം ആകെ 280 കിലോ പോയിന്റോടെ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനവും നേടി. എന്നാൽ വിജയം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള ബോഡി ഷെയ്മിംഗും ട്രോളുകളുമാണ് താരത്തിന് നേരിടേണ്ടി വന്നത്. തൻ്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് ആയിരക്കണക്കിന് വ്യാജ എഐ ചിത്രങ്ങൾ പ്രചരിപ്പിച്ചതായും താരം വെളിപ്പെടുത്തി.
സ്ത്രീകൾ നേരിടുന്ന കടുത്ത ലിംഗവിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ കിയ പറഞ്ഞു. പുരുഷ കായികതാരങ്ങൾ ഒരു ലോക ചാമ്പ്യൻഷിപ്പ് വിജയിച്ചാൽ ഒരിക്കലും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരില്ലെന്ന് താരം ചൂണ്ടിക്കാട്ടി. പരിശീലനത്തിൽ ഏഷ്യൻ റെക്കോർഡായ 147.5 കിലോയേക്കാൾ കൂടുതൽ (150 കിലോ) ഭാരം ഉയർത്തിയിട്ടുണ്ടെങ്കിലും, മത്സരദിനത്തിലെ ചെറിയ പിഴവുകൾ കാരണം വേദിയിൽ അത് മറികടക്കാൻ സാധിച്ചില്ലെന്ന വിഷമം തനിക്കുണ്ടെന്നും താരം പറഞ്ഞു.
അശോകാ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദം പൂർത്തിയാക്കിയ കിയ, ഫിറ്റ്നസ് ലക്ഷ്യമിട്ടാണ് തുടക്കത്തിൽ ജിമ്മിൽ പരിശീലനം ആരംഭിച്ചത്. പിന്നീട് പവർലിഫ്റ്റിംഗ് ലോകവേദിയിൽ സ്വർണ്ണം നേടിയ സുഹൃത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മേഖലയിലേക്ക് എത്തിയത്. സൈബർ ഇടങ്ങളിലെ അനാവശ്യ വിമർശനങ്ങൾ തൻ്റെ കായിക സ്വപ്നങ്ങളെ ബാധിക്കില്ലെന്നും ഇന്ത്യയ്ക്കായി ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമേഡൽ നേടുകയാണ് അടുത്ത ലക്ഷ്യമെന്നും താരം വ്യക്തമാക്കി.










