മധ്യപൂർവദേശത്തെ യുദ്ധസാഹചര്യങ്ങൾക്കിടെ അടച്ചിട്ട തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയ്ക്ക് മുന്നിൽ കർശന വ്യവസ്ഥ വെച്ച് ഇറാൻ. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെത്തുടർന്നും വാഷിംഗ്ടൺ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കും മറുപടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത്. എന്നാൽ തങ്ങൾക്കെതിരെയുള്ള ഉപരോധങ്ങളും വിലക്കുകളും അമേരിക്ക അവസാനിപ്പിക്കുകയാണെങ്കിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സമുദ്ര നിയമങ്ങൾക്കനുസരിച്ച് കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ഹിസ്ബുള്ളയോ ഇറാനോ അല്ല പ്രശ്നങ്ങൾ തുടങ്ങിയതെന്നും, ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ ഉറപ്പായും തിരിച്ചടിച്ചിരിക്കും, മരിച്ചാൽ പിന്നെ ഞങ്ങൾക്ക് പ്രതികരിക്കാനാകില്ലല്ലോ” എന്നായിരുന്നു അമേരിക്കൻ നടപടികളോടുള്ള അദ്ദേഹത്തിന്റെ മൂർച്ചയേറിയ മറുപടി. മേഖലയിലേക്ക് ആയുധങ്ങൾ എത്തിക്കുകയും അതേസമയം തങ്ങളുടെ വാണിജ്യവഴികൾ കൊട്ടിയടക്കുകയും ചെയ്യുന്ന അമേരിക്കൻ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
സാമ്പത്തിക ഉപരോധങ്ങളിലൂടെ സാധാരണക്കാരായ ഇറാൻ ജനതയെ അമേരിക്ക കടുത്ത ദുരിതത്തിലാക്കുകയാണെന്ന് പെസെഷ്കിയാൻ കുറ്റപ്പെടുത്തി. ഉപരോധം ഏർപ്പെടുത്തുകയെന്നാൽ മരുന്നില്ലാതെ രോഗികളെ കൊല്ലുകയെന്നാണ് അർഥമാക്കുന്നത്. ഇത് തൊഴിലില്ലായ്മയ്ക്കും പട്ടിണിക്കും ജനങ്ങൾക്കിടയിലെ അതൃപ്തിക്കും കാരണമാകുന്നുണ്ട്. സൈനിക നടപടികളിലൂടെ തങ്ങളുടെ ലക്ഷ്യം കാണാൻ കഴിയാത്തതിനാലാണ് അമേരിക്ക ഇപ്പോൾ സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ തകർക്കാൻ നോക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾക്ക് മുന്നിൽ ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും തങ്ങളെ അടിയറവ് പറയിപ്പിക്കാമെന്നത് അമേരിക്കയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്നതടക്കം കടലിടുക്കിലുള്ള തങ്ങളുടെ പൂർണ്ണ നിയന്ത്രണം അംഗീകരിക്കണമെന്ന ഇറാന്റെ ആവശ്യമാണ് നിലവിൽ തർക്കങ്ങൾക്ക് പ്രധാന കാരണം. എന്നാൽ വാഷിംഗ്ടൺ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. നിലവിൽ കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് മറുതീരത്തിന്റെ നിയന്ത്രണമുള്ള ഒമാനുമായി ഇറാൻ ചർച്ചകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഒമാനിൽ യോഗം ചേരുന്നുണ്ട്. ഈ ചർച്ചകൾക്ക് ശേഷം രാജ്യാന്തര സമുദ്രയാന സംഘടന (IMO) പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് ഇറാൻ പ്രസിഡന്റ് നൽകുന്ന സൂചന.
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴികളിലൊന്നായ ഹോർമുസ് കടലിടുക്കിലെ ഇപ്പോഴത്തെ പ്രതിസന്ധി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയുടെ സിംഹഭാഗവും ഗൾഫ് മേഖലയിൽ നിന്ന് ഈ വഴിയാണെന്നതാണ് ഇതിന് കാരണം. നിലവിൽ ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലെത്തിയ ഇറാൻ പ്രസിഡൻ്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ ഛബഹാർ തുറമുഖത്തെ ഇന്ത്യയുടെ നിക്ഷേപവും പങ്കാളിത്തവും ഇരുവരും ചർച്ച ചെയ്തു. എന്നാൽ ഹോർമുസ് വിഷയത്തിൽ അമേരിക്ക തങ്ങളുടെ വിലക്കുകൾ അവസാനിപ്പിച്ചാൽ മാത്രമേ ഇനി വിട്ടുവീഴ്ചയ്ക്കുള്ളൂ എന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം. വ്യവസ്ഥകൾ അംഗീകരിച്ചാൽ മാത്രമേ സുപ്രധാനമായ ഈ സമുദ്രപാത ലോകത്തിന് മുന്നിൽ വീണ്ടും തുറന്നുകൊടുക്കുകയുള്ളൂ എന്നും പെസെഷ്കിയാൻ വ്യക്തമാക്കിയിട്ടുണ്ട്.












