സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് തുറന്നുസമ്മതിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൻ തുക നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങി ഖജനാവ് മുടിക്കില്ലെന്നും യൂണിറ്റിന് 10 രൂപയിൽ കൂടുതൽ നൽകി വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. എൻ.ടി.പി.സി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വിപണിയിൽ വൻ വിലയാണെന്നും റിപ്പോർട്ടറിനോട് സംസാരിക്കവെ മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുക്കുന്നതിനിടെ സെക്രട്ടറിയറ്റിൽ പോലും കരണ്ട് പോകുന്ന അവസ്ഥയാണുള്ളത്. തന്റെ ഓഫീസിൽ പോലും രണ്ടുതവണ വൈദ്യുതി മുടങ്ങിയെന്നും ജനങ്ങൾ നിലവിലെ വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ സന്നദ്ധരായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുതിയ വൈദ്യുതി പദ്ധതികളൊന്നും നിലവിലില്ലെന്നും വർഷങ്ങളായി നിലച്ചിരുന്ന പഴയ പദ്ധതികളിൽ പലതും പകുതിവഴിയിൽ മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിയാർ പദ്ധതി ഏറ്റെടുക്കുന്നതിൽ പഠനം നടത്താൻ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ വൈദ്യുതി സംഭരിക്കാൻ സോളാർ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഹ്രസ്വകാല-ദീർഘകാല വൈദ്യുത കരാറുകൾക്കായി സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി വകുപ്പിന്റെ ചുമതല ഒരു വലിയ വെല്ലുവിളിയായി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിരിക്കാനുള്ള സമയം വരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായ രാത്രികാല വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പ്രതിസന്ധി മറികടക്കാൻ വ്യാപാരികളും പൊതുജനങ്ങളും ഒരുപോലെ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.












