യു.എൻ സെക്യൂരിറ്റി കൗൺസിൽ (യു.എൻ.എസ്.സി) യോഗത്തിൽ പാകിസ്താനെ കടുത്ത ഭാഷയിൽ കടന്നാക്രമിച്ച് ഇന്ത്യ. ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ആക്രമണത്തിന്റെ സൂത്രധാരന്മാർ ഒളിച്ചിരുന്നത് ഉൾനാടൻ ഗുഹകളിലോ വിജനമായ കുന്നിൻനിരകളിലോ അല്ലെന്നും പാകിസ്താനിലെ സുരക്ഷിത താവളങ്ങളിലാണെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പർവതനേനി തുറന്നടിച്ചു. ഭീകരവാദികൾക്ക് പാകിസ്താൻ ഒരുക്കുന്ന സുരക്ഷിത അന്തരീക്ഷമാണ് ലഷ്കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ വിനാശകാരികളായ മറ്റ് ഭീകരസംഘടനകൾക്കും താങ്ങാവുന്നത്.
അൽ ഖ്വയ്ദ തലവൻ ഉസാമ ബിൻ ലാദൻ ഉൾപ്പെടെയുള്ള ലോകോത്തര ഭീകരന്മാരുടെ പട്ടിക അക്കമിട്ട് നിരത്തിയാണ് ഇന്ത്യ പാകിസ്താന്റെ മുഖംമൂടി അഴിച്ചുമാറ്റിയത്. 9/11 ആക്രമണത്തിന്റെ ആസൂത്രകനായ ബിൻ ലാദനെ വധിച്ചത് പാകിസ്താനിലെ സൈനിക കേന്ദ്രത്തിന് സമീപമുള്ള ആഡംബര സങ്കേതത്തിൽ വെച്ചാണ്. പ്രധാന ആസൂത്രകൻ ഖാലിദ് ഷെയ്ഖ് മുഹമ്മദിനെ റാവൽപിണ്ടിയിൽ നിന്നും, റംസി ബിനൽഷൈബ്, വലീദ് ബിൻ അത്താഷ്, മുസ്തഫ അഹമ്മദ് അൽ-ഹൗസാവി എന്നിവരെ പാകിസ്താനിലെ വിവിധ നഗരങ്ങളിൽ നിന്നുമാണ് പിടികൂടിയതെന്നും പർവതനേനി ഓർമ്മിപ്പിച്ചു.
ഭീകരവാദത്തിന്റെ ഈ ‘ചതുപ്പ്’ വറ്റിച്ചാൽ മാത്രമേ ലോകത്ത് സമാധാനം പുലരുകയുള്ളൂവെന്നും, ഈ ഭീകരവാദികളെ സംരക്ഷിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടി വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതിനുപുറമെ, പാകിസ്താനിൽ നിന്ന് ദശലക്ഷക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളെ ബലമായി നാടുകടത്തുന്ന നടപടിയെയും ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചു. ബലപ്രയോഗത്തിലൂടെയുള്ള ഇത്തരം നാടുകടത്തൽ അംഗീകരിക്കാനാവില്ലെന്നും അഫ്ഗാൻ ജനതയുടെ മാനുഷിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യ യു.എൻ യോഗത്തിൽ വ്യക്തമാക്കി.










