ആത്മനിർഭർ ഭാരതത്തിന്റെ വികസന മുന്നേറ്റത്തിന് കരുത്തുപകർന്ന്, പുണ്യനഗരിയായ കാശിക്കും രാജ്യതലസ്ഥാനത്തിനുമിടയിൽ അത്യാധുനിക വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടൻ യാഥാർത്ഥ്യമാകുന്നു. ഭാരതത്തിന്റെ സ്വന്തം സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഈ സെമി ഹൈസ്പീഡ് ട്രെയിൻ ദീപാവലിക്ക് മുന്നോടിയായി ട്രാക്കിലിറക്കാനുള്ള ഒരുക്കങ്ങൾ മോദി സർക്കാരിന്റെ നേതൃത്വത്തിൽ റെയിൽവേ മന്ത്രാലയം പൂർത്തിയാക്കി വരികയാണ്. ദശകങ്ങളായി വികസന മുരടിപ്പിൽ കിടന്ന റെയിൽവേ ശൃംഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തിന്റെ മറ്റൊരു സാക്ഷ്യപത്രമാണ് ഡൽഹി–വാരണാസി റൂട്ടിലെ ഈ സർവീസ്.
ഹൗറ–കാമാഖ്യ സർവീസിന് പിന്നാലെ രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ റൂട്ടായി തെരഞ്ഞെടുക്കപ്പെട്ടത് സാംസ്കാരിക തലസ്ഥാനമായ വാരണാസിയെയും സംഗമഭൂമിയായ പ്രയാഗ്‌രാജിനെയുമാണ്. നിർദ്ദിഷ്ട സമയക്രമം പ്രകാരം രാത്രി 9:20-ന് വാരണാസി കാന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10:45-ന് പ്രയാഗ്‌രാജിലും പുലർച്ചെ 12:35-ന് കാൺപൂർ സെൻട്രലിലും എത്തിച്ചേർന്ന് അതിരാവിലെ 5:00 മണിക്ക് ന്യൂഡൽഹിയിലെത്തും. മടക്കയാത്രയിൽ രാത്രി 9:20-ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 5:00 മണിക്ക് വാരണാസിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. കേവലം 7 മണിക്കൂർ 40 മിനിറ്റ് കൊണ്ട് തീർത്ഥാടകർക്കും സാധാരണക്കാർക്കും സുഖമമായി ഇരു നഗരങ്ങളിലേക്കും എത്തിച്ചേരാം.
‘മിഷൻ റഫ്താർ’ പദ്ധതിയിലൂടെ നവീകരിച്ച ട്രാക്കുകളിൽ മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്റർ വരെ വേഗതയിലാണ് ട്രെയിൻ പായുക. ഭാരതത്തിന്റെ അഭിമാനമായ ‘കവച്’ സുരക്ഷാ സംവിധാനം, അത്യാധുനിക എയറോഡൈനാമിക് ഡിസൈൻ, ലോകോത്തര നിലവാരത്തിലുള്ള ബയോ വാക്വം ടോയ്‌ലറ്റുകൾ, യാത്രാക്ഷീണമില്ലാതെ വിശ്രമിക്കാവുന്ന അത്യാധുനിക ബെർത്തുകൾ എന്നിവ സജ്ജീകരിച്ച ഈ ട്രെയിൻ ഇന്ത്യൻ റെയിൽവേയുടെ പുത്തൻ മുഖമാണ് തുറന്നുകാട്ടുന്നത്. ഉത്സവകാലത്തെ വൻ ജനത്തിരക്കിന് പരിഹാരമായി സർവീസ് ദീപാവലിക്ക് മുമ്പ് തന്നെ രാജ്യത്തിന് സമർപ്പിക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.










