വടക്കാഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ പ്രണയ റീലുകൾ പങ്കുവെച്ച് ജനശ്രദ്ധ നേടിയ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഉടമ ‘അമ്പിളി’ എന്ന വിഘ്നേശ് കൃഷ്ണ (24) പോക്സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ സ്വദേശിയായ വിഘ്നേശിനെ വടക്കാഞ്ചേരി പോലീസ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇയാൾ പങ്കുവെച്ചിരുന്ന വൈകാരികമായ പ്രണയ വീഡിയോകൾക്ക് വൻ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഈ ജനപ്രീതി മുതലാക്കി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് കേസ്. ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറത്തറിയുന്നത്.
പരാതി ഉയർന്നതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതി നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് വടക്കാഞ്ചേരി പോലീസ് എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട്ടിലെ സേലത്തു നിന്നാണ് പ്രതിയെ വലയിലാക്കിയത്. സോഷ്യൽ മീഡിയ വഴിയുള്ള പ്രണയ വലകളിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.












