സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാട് കേസിൽ ഇ.ഡി. നിർദേശം നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ആരോപിച്ചു. അന്വേഷണം നടത്തിയാൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുടെയും പേര് വരുമോ എന്ന ആശങ്കയാണ് യു.ഡി.എഫിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നും ചെയ്യാതെ ഒരു കമ്പനിയിലേക്ക് പണം വരുന്നത് ഭഗവാൻ ചെയ്തതല്ലെന്നും സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒത്തുകളിയുണ്ടെന്നും ജനങ്ങൾ സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം നടത്തിയ അഴിമതിയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. പിണറായി വിജയനെ ജയിലിലാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അടക്കം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ സർക്കാർ നിലപാട് പോലും വ്യക്തമാക്കുന്നില്ലെന്നും, അത്തരം ഒത്തുകളി ശ്രമങ്ങൾ ഉണ്ടായാൽ ബി.ജെ.പി. ശക്തമായി എതിർക്കുമെന്നും രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.








