കേന്ദ്രസർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന അത്യാധുനിക ‘സ്മാർട്ട് പിഡിഎസ്’ (Smart PDS) സംവിധാനം അടുത്ത മാസത്തോടെ പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് വൻ മാറ്റങ്ങൾ. തുടർച്ചയായി ആറു മാസത്തിൽ കൂടുതൽ റേഷൻ വിഹിതം കൈപ്പറ്റാത്ത ആറു ലക്ഷത്തിലധികം റേഷൻ കാർഡുകൾ അടിയന്തരമായി മരവിപ്പിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഈ കാർഡുകളിലായി ഉൾപ്പെട്ടിട്ടുള്ള 16 ലക്ഷത്തോളം ഗുണഭോക്താക്കളെയാകും നടപടി നേരിട്ടായി ബാധിക്കുക.
പൊതുവിതരണ സംവിധാനം പൂർണമായും ഡിജിറ്റലൈസ് ചെയ്യുകയും കേന്ദ്രീകൃതമായി നിരീക്ഷിക്കുകയും ചെയ്യുന്ന ‘സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം’ പദ്ധതിയിൽ 2024-ലാണ് കേരളം ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കാർഡ് മരവിപ്പിക്കപ്പെട്ടാൽ തുടർന്ന് മൂന്ന് മാസത്തിനകം കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളും ഇ-കെവൈസി (e-KYC) നടപടികൾ നിർബന്ധമായും പൂർത്തിയാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കുകയുള്ളൂ.
ഇതിനുപുറമെ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒരേ വ്യക്തിക്ക് ഒന്നിലധികം റേഷൻ കാർഡുകളിൽ പേരുകളുണ്ടോ എന്നും സ്മാർട്ട് പിഡിഎസ് വഴി കണ്ടെത്താനാകും. ഇത്തരത്തിൽ ഇരട്ടിപ്പ് കണ്ടെത്തുന്ന കാർഡുകളും ഉടൻ മരവിപ്പിക്കും. ഈ വിഭാഗത്തിലുള്ളവർ മൂന്ന് മാസത്തിനകം തങ്ങൾക്ക് ആവശ്യമുള്ള ഒരു റേഷൻ കാർഡ് മാത്രം നിലനിർത്തി, മറ്റ് സംസ്ഥാനങ്ങളിലെയോ കാർഡുകളിലെയോ പേരുകൾ വെട്ടിമാറ്റി ഇ-കെവൈസി പൂർത്തിയാക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു. റേഷൻ വിഹിതം അർഹരായവരിലേക്ക് മാത്രം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ കർശന നടപടി.











