BCCI
അഫ്ഗാനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും, കൂറ്റൻ സ്കോറിലേക്ക് കുതിക്കവെ വഴിതെറ്റിയ ബാറ്റിംഗ് പ്രകടനവും, ടീം സെലക്ഷനിലെയും വിമർശനങ്ങളിലെയും ഇരട്ടത്താപ്പും ചർച്ചയാവുകയാണ്. ടോസ് നേടി അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയച്ച മത്സരത്തിൽ തുടക്കം മുതൽ തകർപ്പൻ അടികളുമായി അഭിഷേക് ശർമ്മയും സഞ്ജു സാംസണും കളം നിറഞ്ഞു. വെറും 9.5 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന അവിശ്വസനീയമായ നിലയിലായിരുന്നു ഇന്ത്യ.
ഒരു ഘട്ടത്തിൽ 260-270 റൺസ് വരെ അനായാസം സ്കോർ ചെയ്യേണ്ട ട്രാക്കാണിത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ തുടക്കം. വെറും 34 പന്തിൽ 9 ഫോറും 11 സിക്സും അടക്കം 317.65 സ്ട്രൈക്ക് റേറ്റിൽ 108 റൺസ് അടിച്ചുകൂട്ടിയാണ് അഭിഷേക് ശർമ്മ മടങ്ങിയത്. അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി ഒപ്പമുണ്ടായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ 35 പന്തിൽ 2 ഫോറും 4 സിക്സും ഉൾപ്പെടെ 50 റൺസും നേടി.
എന്നാൽ അഭിഷേക് ശർമ്മയുടെ പുറത്താകലിന് ശേഷം ചിത്രമാകെ മാറി. ക്രീസിലേക്ക് വന്ന ബാറ്റ്‌സ്മാൻമാർ ആരും തന്നെ ആ വേഗതയോ ഉത്തരവാദിത്തമോ നിലനിർത്തിയില്ല.
ക്യാപ്റ്റൻ ശ്രേയസ് അയ്യർ പോലും 20 പന്തുകൾ നേരിട്ട് ബൗണ്ടറികൾ ഒന്നുമില്ലാതെ രണ്ട് സിക്സുകൾ സഹിതം 29 റൺസിന് പുറത്താകുകയാണ് ഉണ്ടായത്. മറ്റ് താരങ്ങളായ തിലക് വർമ്മ (5 പന്തിൽ 2), ശിവം ദുബെ (10 പന്തിൽ 14), ഇഷാൻ കിഷൻ (8 പന്തിൽ 10), നിതീഷ് കുമാർ റെഡ്ഡി (4 പന്തിൽ 1) എന്നിവരെല്ലാം വൻ പരാജയമായി മാറി. ഒടുവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 220 റൺസിൽ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു. മികച്ച തുടക്കം നൽകിയ ട്രാക്കിൽ പിന്നീട് വന്നവർ വലിയ രീതിയിൽ സ്ട്രഗിൾ ചെയ്യുന്നതാണ് സ്കോർകാർഡിൽ വ്യക്തമാകുന്നത്.
ഇവിടെയാണ് ക്രിക്കറ്റ് ലോകത്ത് വലിയൊരു ചോദ്യം ഉയരുന്നത്. സഞ്ജു സാംസണും മറ്റ് താരങ്ങളും നേരിടുന്ന ഇരട്ടത്താപ്പാണിത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ള ബാറ്റ്‌സ്മാൻമാർ പിച്ചിൽ പതറി സ്ലോ ഇന്നിംഗ്സ് കളിച്ചിട്ടും കാര്യമായ വിമർശനങ്ങൾ ഏറ്റുവാങ്ങാതെ രക്ഷപ്പെടുമ്പോൾ, സഞ്ജു സാംസൺ ആണ് ഇത്തരത്തിലൊരു ഇന്നിംഗ്സ് കളിച്ചതെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഒരുപക്ഷേ അടുത്ത പരമ്പരയ്ക്കുള്ള ടീമിൽ പോലും അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടുത്തിയേക്കാവുന്ന തരത്തിലുള്ള കടുത്ത വിമർശനങ്ങളും മാധ്യമവിചാരണകളും ഉണ്ടാകുമായിരുന്നു.
എന്നാൽ മറ്റ് താരങ്ങളുടെ കാര്യത്തിൽ വരുമ്പോൾ ഈ ഇരട്ടത്താപ്പും മൗനവുമെന്തുകൊണ്ട് എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. ആദ്യ ഓവറുകളിലെ കൊടുങ്കാറ്റിനു ശേഷം കളി മറന്ന മധ്യനിരയുടെ ഉത്തരവാദിത്തമില്ലായ്മ ഇന്ത്യയെ വലിയ സ്കോറിൽ നിന്ന് തടഞ്ഞുവെങ്കിലും, സെലക്ഷനിലെയും അളവുകോലുകളിലെയും ഈ പക്ഷപാതപരമായ സമീപനമാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം












