42-ാം വയസ്സിലും ബാറ്റുകൊണ്ട് തീപ്പൊരി പാറിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി. ഡിവില്ലിയേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും തന്റെ ബാറ്റിങ് മികവിന് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ (WCL) താരം പുറത്തെടുത്തത്. ഓസ്ട്രേലിയ ചാമ്പ്യൻസിനെതിരായ മത്സരത്തിൽ വെറും 40 പന്തിൽ പുറത്താകാതെ 111 റൺസ് അടിച്ചുകൂട്ടിയ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ചാമ്പ്യൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെന്ന കൂറ്റൻ സ്കോറാണ് നേടിയത്. ഡാർസി ഷോർട്ട്, ഡേവിഡ് വാർണർ, ജോ ബേൺസ് എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഓസീസിന് കരുത്തായത്. 210 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എന്നാൽ ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് ബാറ്റിങ് കാര്യങ്ങൾ അനായാസമാക്കി.
മൂന്നാം നമ്പറിൽ ക്രീസിലെത്തിയ ഡിവില്ലിയേഴ്സ് ഓസീസ് ബൗളർമാരെ നിഷ്പ്രഭരാക്കി. ആറ് ഫോറുകളും 11 കൂറ്റൻ സിക്സറുകളും ഉൾപ്പെട്ട ഇന്നിങ്സിലൂടെ വെറും 37 പന്തിൽ താരം സെഞ്ചറി പൂർത്തിയാക്കി. കവർ, ലോങ് ഓഫ്, ലോങ് ഓൺ, ഡീപ് മിഡ് വിക്കറ്റ് തുടങ്ങി മൈതാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പന്ത് പായിച്ച ഡിവില്ലിയേഴ്സ് തന്റെ പഴയ വെടിക്കെട്ട് ശൈലി വീണ്ടും പുറത്തെടുത്തു. ലക്ഷ്യത്തിലേക്ക് കുതിച്ച ദക്ഷിണാഫ്രിക്ക 15.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.
ഓപ്പണർ റിച്ചാർഡ് ലെവിയുടെ 29 പന്തിൽ 62 റൺസും ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് നിർണായകമായി. ഡിവില്ലിയേഴ്സിന്റെ സംഹാരതാണ്ഡവത്തിന് മുന്നിൽ പിന്നാലെയെത്തിയ ഫാഫ് ഡു പ്ലെസിസിനും ജെ.പി. ഡുമിനിക്കും കാര്യമായ ബാറ്റിങ് അവസരം പോലും ലഭിച്ചില്ല. മിന്നുന്ന പ്രകടനത്തിന് ഡിവില്ലിയേഴ്സിനെ മത്സരത്തിലെ താരമായും തിരഞ്ഞെടുത്തു.
42 വയസ്സിലും ഡിവില്ലിയേഴ്സ് കാഴ്ചവയ്ക്കുന്ന ഈ മികവ് ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്. 2025ലെ WCL സീസണിലും താരം ബാറ്റിങ്ങിൽ തിളങ്ങിയിരുന്നു. വെറും ആറ് മത്സരങ്ങളിൽ നിന്ന് 220 സ്ട്രൈക്ക് റേറ്റിൽ 429 റൺസാണ് അന്ന് ഡിവില്ലിയേഴ്സ് നേടിയത്. മൂന്ന് സെഞ്ചറികളും ഒരു അർധസെഞ്ചറിയും ആ പ്രകടനത്തിന് മാറ്റുകൂട്ടി.
2021ലെ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചതിന് ശേഷം പ്രൊഫഷണൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമല്ലാതിരുന്നിട്ടും ഡിവില്ലിയേഴ്സ് പുറത്തെടുക്കുന്ന ഈ പ്രകടനം അസാധാരണമാണ്. വിരാട് കോഹ്‌ലി 37-ാം വയസ്സിൽ കരിയറിന്റെ ഉന്നതിയിലെത്തുന്നതിനെക്കുറിച്ച് അടുത്തിടെ ഡിവില്ലിയേഴ്സ് സംസാരിച്ചിരുന്നു. ഇപ്പോൾ സ്വന്തം പ്രകടനത്തിലൂടെ പ്രായം മികവിന് തടസ്സമല്ലെന്ന് അദ്ദേഹം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.
ക്രിക്കറ്റ് ലോകം സ്നേഹത്തോടെ വിളിക്കുന്ന ‘മിസ്റ്റർ 360’ വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയെന്ന തോന്നലാണ് ഈ ഇന്നിങ്സ് സമ്മാനിക്കുന്നത്. ബാറ്റിങ് വൈവിധ്യവും പവർ ഹിറ്റിങ്ങും അസാമാന്യമായ ഷോട്ട് സെലക്ഷനും ഒത്തുചേർന്നാൽ ഡിവില്ലിയേഴ്സ് ഇന്നും എത്രത്തോളം അപകടകാരിയാണെന്ന് ഓസ്ട്രേലിയക്കെതിരായ ഈ വെടിക്കെട്ട് ഇന്നിങ്സ് വ്യക്തമാക്കുന്നു











