പിലിഭിത്ത് (യുപി): അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മേനകാഗാന്ധിയുടെ പ്രശംസ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മാതൃകയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സ്വന്തം ലോക്സഭാ മണ്ഡലമായ പിലിഭിത്തില്‍ ചേര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മനേകാഗാന്ധിയുടെ അഭിപ്രായ പ്രകടനം. രാജീവ്ഗാന്ധിയുടെ സഹോദരന് സഞ്ജയ് ഗാന്ധിയുടെ ഭാര്യയാണ് മനേകാഗാന്ധി.
സോണിയയെ പ്രശംസിക്കാന്‍ ഒരു പഴയ കഥയും മനേക പറഞ്ഞു. കഥ ഇങ്ങനെ: സോണിയയുടെ ബന്ധു ഒരിക്കല്‍ ഒരു കട തുടങ്ങി. സോണിയയുടെ പേരുപറഞ്ഞ് കച്ചവടം മെച്ചപ്പെടുത്താനും കൂലുതല് ലാഭം കൊയ്യാനും ബന്ധു ശ്രമിച്ചു. എന്നാല്‍ വിവരമറിഞ്ഞ സോണിയ ബന്ധുവിനെതിരെ പത്രത്തില്‍ പരസ്യം നല്കി. തന്റെ പേര് ദുരുപയോഗപ്പെടുത്തുന്ന ബന്ധുവിന്റെ കെണിയില്‍പ്പെട്ട് വഞ്ചിക്കപ്പെടരുതെന്ന മുന്നറിയിപ്പും നല്കി.
എല്ലാവര്ക്കും മാതൃകയാണ് സോണിയയുടെ നടപടിയെന്ന് മേനകാഗാന്ധി ചൂണ്ടിക്കാട്ടി. അഴിമതിക്കാര്‍ക്കെതിരെ പത്രത്തില്‍ പരസ്യം നല്‍കുകയോ ഓഫീസില്‍ ബോര്‍ഡ് തൂക്കുകയൊ ചെയ്യാന്‍ എല്ലാവരും തയ്യാറാകണം. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും അവര്‍ പറഞ്ഞു.
Discussion about this post