സൂറത്ത്: സമ്പാദ്യങ്ങളെല്ലാം ഉപേക്ഷിച്ച് സന്യാസ ജീവിതത്തിലേക്ക് കടന്ന് ബിസിനസുകാരന്റെ ഭാര്യയും പതിനൊന്ന് വയസുകാരനായ മകനും. കർണാടകയിൽ നിന്നുള്ള മുപ്പതുകാരി സ്വീറ്റിയും മകൻ ഹൃദ്വാനുമാണ് ജൈന സന്യാസിമാരായത്. കർണാടക സ്വദേശിയായ മനീഷിന്റെ ഭാര്യയാണ് സ്വീറ്റി.
സന്യാസ ദീക്ഷയ്ക്ക് ശേഷം ഇവർ പുതിയ പേരുകളും സ്വീകരിച്ചു. ഭാവശുദ്ധി രേഖ ശ്രീ ജി എന്നാണ് സ്വീറ്റി സ്വീകരിച്ചത്. ഹിതാഷയ് രത്‌നവിജയ് ജി എന്നാണ് മകന്റെ പുതിയ പേര്. തന്റെ മകനെ ഗർഭിണിയായിരിക്കുമ്പോൾ തന്നെ സന്യാസം സ്വീകരിക്കാൻ സ്വീറ്റി തീരുമാനിച്ചിരുന്നു. മകനെയും സന്യാസ ജീവിതത്തിലേക്ക് നയിക്കാൻ അവർ ആഗ്രഹിച്ചിരുന്നു. ഭാവിയിൽ സന്യാസ ജീവിതം നയിക്കേണ്ടി വരുമെന്ന് പറഞ്ഞു തന്നെയാണ് മകനെ വളർത്തിയതെന്ന് സ്വീറ്റി പറയുന്നു.
ഭാര്യയുടെ തീരുമാനം ഉറച്ചതാണെന്ന് മനസിലാക്കിയ മനീഷ് ഇവരെ പിന്തുണയ്ക്കുകയായിരുന്നു. ഇരുവരുടെയും തീരുമാനത്തെ അഭിമാനത്തോടെ തന്നെ നോക്കിക്കാണുന്നുവെന്ന് മനീഷും കുടുംബവും പറഞ്ഞു. ഗുജറാത്തിലെ സൂറത്തിൽ വച്ചാണ് അമ്മയും മകനും സന്യാസ ദീക്ഷ സ്വീകരിച്ചത്. ഇരുവരും ഇപ്പോഹ സൂറത്തിലാണ്.












