ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഡൽഹിയിലെ 50ലേറെ സ്കൂളുകൾക്കാണ് ഇ മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നത്. ലഭിച്ച ഇ മെയിൽ വ്യാജ സന്ദേശമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റഷ്യയിൽ നിന്നുമാണ് വ്യാജ ഭീഷണി സന്ദേശം ലഭിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.
ഡൽഹിയിലെയും നോയിഡയിലെയും 50ലേറെ സ്കൂളുകൾക്കായിരുന്നു ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. ഇന്നലെയും ഇത്തരത്തിൽ ചില സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബോംബ് ഭീഷണിയെ തുടർന്ന് സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും മണിക്കൂറുകളോളം നീണ്ട പരിശോധന നടത്തുകയും ചെയ്തിരുന്നു. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ ഉള്ള മദർ മേരി സ്കൂൾ, ദ്വാരകയിലുള്ള ഡൽഹി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്ക് ആയിരുന്നു ആദ്യം ബോംബ് ഭീഷണി എത്തിയിരുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്പതോളം സ്കൂളുകൾക്ക് ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നത് കണ്ടെത്തി. ഭീഷണി സന്ദേശത്തെ തുടർന്ന് മദർ മേരി സ്കൂളിൽ പരീക്ഷ പാതിവഴിയിൽ നിർത്തി കുട്ടികളെ വീടുകളിലേക്ക് തിരികെ അയച്ചു. ബോംബ് സ്ക്വാഡ്, അഗ്നിരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിൽ എല്ലാ സ്കൂളുകളിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് ലെഫ്റ്റനന്റ് ഗവർണർ സ്കൂളുകൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. സംഭവത്തിൽ ഡൽഹി പോലീസിന് പുറമേ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post