പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് ശൈലിയിൽ തന്റെ പഴയ ആക്രമണോത്സുകത കാണാനാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ആദ്യ പന്ത് മുതൽ അതിർത്തി കടത്താനുള്ള ചിന്താഗതിയാണ് വൈഭവിന്റേതെന്നും, ഇന്ത്യയ്ക്കായി ദീർഘകാലം കളിക്കുക എന്നതിനായിരിക്കണം അവൻ മുൻഗണന നൽകേണ്ടതെന്നും സെവാഗ് വ്യക്തമാക്കി.
എൽഐപിഎല്ലിലും ദേശീയ ടീമിലും ഇടംനേടിക്കഴിഞ്ഞാൽ കളിക്കാരുടെ വയസ്സല്ല, മറിച്ച് മൈതാനത്തെ മികച്ച പ്രകടനമാണ് പ്രധാനമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, കോഹ്ലിയെപ്പോലുള്ള പരിചയസമ്പന്നർക്കൊപ്പവും വൈഭവിനെപ്പോലുള്ള യുവതാരങ്ങൾക്കും ഒരേപോലെ അവസരമുണ്ടെന്നും ഓർമ്മിപ്പിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഫോമിനെയും 2011 ലോകകപ്പ് വിജയിയായ സെവാഗ് പ്രശംസിച്ചു. ഇംഗ്ലണ്ട് പര്യടനത്തിൽ സുനിൽ ഗാവസ്കറുടെ റെക്കോർഡ് തകർത്തതും ഗില്ലിന്റെ മികച്ച ബാറ്റിങ് മികവിന് ഉദാഹരണമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, 2027-ൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ജസ്പ്രീത് ബുംറ നയിക്കുന്ന ഇന്ത്യൻ ബൗളിങ് നിര ശക്തമായ പ്രകടനം പുറത്തെടുത്താൽ ഇന്ത്യയ്ക്ക് കിരീടം നേടുക എളുപ്പമായിരിക്കുമെന്നും സെവാഗ് കൂട്ടിച്ചേർത്തു.












