2026-27 രഞ്ജി ട്രോഫി മത്സരത്തിനിടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനായി ശ്രമിക്കുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഫിറ്റ്നസ് സംബന്ധമായ ആശങ്കകൾ തള്ളിക്കളഞ്ഞു. ഡൽറിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിനായി ഇറങ്ങിയ 36 കാരനായ താരം 17.3 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി തന്റെ മികച്ച റെഡ്-ബോൾ ഫോം തുടരുകയാണ്.
സെമിഫൈനലിലും ഫൈനലിലുമായി മൊത്തം ഏഴ് വിക്കറ്റുകൾ വീഴ്ത്തി 2026-ലെ ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോൺ സ്വന്തമാക്കുന്നതിലും ഷമി നിർണ്ണായക പങ്കുവഹിച്ചിരുന്നു. എങ്കിലും, 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. 2023 ലെ ഏകദിന ലോകകപ്പിന് ശേഷം ദീർഘനാൾ പുറത്തിരിക്കേണ്ടി വന്നതും പ്രായവും അദ്ദേഹത്തിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് വെല്ലുവിളിയാകുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് താരത്തിന്റെ പ്രതികരണം.
ബംഗാൾ-ഡൽഹി മത്സരത്തിന്റെ ആദ്യ ദിവസത്തിന് ശേഷം ഫിറ്റ്നസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അല്പം നീരസത്തോടെയാണ് ഷമി മറുപടി നൽകിയത്. തന്റെ ഫിറ്റ്നസ് നേരിട്ട് കാണാവുന്നതാണെന്നും, മൈതാനത്ത് പന്തെറിയുകയാണ് തന്റെ ജോലിയെന്നും എവിടെയെല്ലാം കളിക്കാൻ സാധിക്കുമോ അവിടെയെല്ലാം കളിക്കുന്നുണ്ടെന്നും ഷമി വ്യക്തമാക്കി. ഷമിയുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ഡൽഹിയെ അവരുടെ ആദ്യ ഇന്നിങ്സിൽ 240 റൺസിന് പുറത്താക്കാൻ ബംഗാളിനെ സഹായിച്ചത്.
അതേസമയം, വരാനിരിക്കുന്ന ന്യൂസിലൻഡ് ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയ സഹതാരം ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവിനെ മുഹമ്മദ് ഷമി പിന്തുണച്ചു. മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഭുവനേശ്വർ കുമാറിനെ വളരെ നേരത്തെ തന്നെ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2022 നവംബറിലാണ് ഭുവനേശ്വർ അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി മികച്ച പ്രകടനം കാഴ്ചവെച്ച് 28 വിക്കറ്റുകളുമായി ടൂർണമെന്റിലെ രണ്ടാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായതാണ് ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. കഠിനാധ്വാനവും പ്രതിഭയുമുള്ള താരങ്ങൾക്ക് അർഹമായ അവസരങ്ങൾ നൽകണമെന്നും ഷമി കൂട്ടിച്ചേർത്തു.











