ന്യൂഡൽഹി: ഉൽസവ സീസണിന് മുന്നോടിയായി വിപണിയിൽ എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കടുത്ത നിർദേശങ്ങളുമായി രാജ്യത്തെ പരമോന്നത ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ (FSSAI). വേഗത്തിൽ കേടാകാൻ സാധ്യതയുള്ള (Perishable items) പാൽ, പനീർ, മാംസം, കോഴി, മൽസ്യം, കോവ (Khoa) തുടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഭക്ഷ്യവ്യാപാരികൾക്കും (FBO) നിർബന്ധിത പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉൽപന്നങ്ങൾ പിടിച്ചെടുക്കലും നശിപ്പിക്കലും ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി കടുത്ത മുന്നറിയിപ്പ് നൽകി.
കേടാകുന്ന ഭക്ഷ്യവസ്തുക്കൾ വായുസഞ്ചാരമുള്ളതും, വൃത്തിയുള്ളതും, മൂടിയതുമായ വാഹനങ്ങളിൽ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. സംഭരണ ഘട്ടത്തിലും ഗതാഗതത്തിലുടനീളവും നിശ്ചിത താപനില (Temperature Control) കൃത്യമായി പാലിക്കണം. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കവറുകളിലോ ചണച്ചാക്കുകളിലോ (Gunny bags) ഭക്ഷ്യവസ്തുക്കൾ പൊതിയരുത്; ഫുഡ് ഗ്രേഡ് പാക്കേജിംഗ് സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ പൊടിപടലങ്ങൾ, ഈർപ്പം, കീടങ്ങൾ, ബാക്ടീരിയൽ അണുബാധകൾ എന്നിവയിൽ നിന്ന് ഉൽപന്നങ്ങളെ സംരക്ഷിക്കണമെന്നും, ചരക്കുകളുടെ സ്റ്റോക്ക് റജിസ്റ്ററുകളും ഇൻവോയ്സുകളും ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണമെന്നും നിർദേശത്തിലുണ്ട്.
സംസ്ഥാനങ്ങളിലെ ഫുഡ് സേഫ്റ്റി കമ്മീഷണർമാർ, ഇന്ത്യൻ റെയിൽവേ, പ്രാദേശിക ഡയറക്ടർമാർ എന്നിവർ സംയുക്തമായി പരിശോധനകൾ നടത്തണമെന്നും ട്രെയിനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കണമെന്നും എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. ഉൽസവകാലത്ത് മധുരപലഹാരങ്ങൾക്കും മറ്റ് ഭക്ഷ്യവസ്തുക്കൾക്കും ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിൽ ശുചിത്വമില്ലാത്ത ഭക്ഷണ വിതരണത്തിനെതിരെ രാജ്യവ്യാപകമായി കടുത്ത നടപടിയാണ് അതോറിറ്റി ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ പ്രശസ്തമായ അഞ്ചുനക്ഷത്ര ഹോട്ടൽ ‘റാഡിസൺ ബ്ലൂ’ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങൾക്കെതിരെ ഫുഡ് സേഫ്റ്റി അതോറിറ്റി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കൽ, ഫംഗസ് ബാധിച്ച പച്ചക്കറികൾ, അടുക്കളയിലെ പാറ്റ ശല്യം, വൃത്തിഹീനമായ അന്തരീക്ഷം എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അടിയന്തരമായി തെറ്റുകൾ തിരുത്തി ആക്ഷൻ ടേക്കൺ റിപ്പോർട്ട് (ATR) സമർപ്പിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












