രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസമേകി ജീവൻരക്ഷാ മരുന്നുകളുടെ വില കുത്തനെ കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. സുപ്രധാനമായ 137 കാൻസർ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം (Trade Margin) പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്തിക്കൊണ്ട് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (NPPA) ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ വില വ്യവസ്ഥകൾ നവംബർ ഒൻപത് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഉന്നതതല വിദഗ്ധ സമിതിയുടെ ശക്തമായ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ സുപ്രധാന നടപടി. പുതിയ തീരുമാനത്തിലൂടെ കാൻസർ മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ വൻ കുറവുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
രോഗികൾക്ക് ബിൽ ചെയ്യുന്ന മരുന്നുകളുടെ വിലയും അവയുടെ യഥാർത്ഥ എംആർപിയും (MRP) തമ്മിൽ ചില സന്ദർഭങ്ങളിൽ പത്ത് മടങ്ങ് വരെ വലിയ വ്യത്യാസമുണ്ടെന്ന് നേരത്തെ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. വൻകിട മരുന്നു കമ്പനികളും ആശുപത്രികളും നടത്തുന്ന അമിത ലാഭക്കൊയ്ത്തിനും ചൂഷണത്തിനും എതിരെ കോടതിയുടെ ഭാഗത്തുനിന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഈ നിർണായക ഇടപെടൽ നടത്തിയിരിക്കുന്നത്.
കേന്ദ്രത്തിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏഴ് ദിവസത്തിനകം എല്ലാ മരുന്നു നിർമ്മാതാക്കളും കമ്പനികളും തങ്ങളുടെ പുതുക്കിയ വിലവിവരങ്ങൾ എൻപിപിഎയെ (NPPA) ഔദ്യോഗികമായി അറിയിക്കണമെന്ന് ഉത്തരവിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിലക്കുറവ് കൃത്യമായി സാധാരണക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപകമായി പരിശോധനകളും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. കാൻസർ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്ന സാധാരണക്കാരായ രോഗികൾക്ക് വലിയ സാശ്വാസമാകുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.












