ടെഹ്റാൻ: അമേരിക്ക വീണ്ടും സൈനിക ആക്രമണത്തിന് മുതിർന്നാൽ അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികൾക്കും സങ്കൽപ്പിക്കാൻ കഴിയാത്തത്ര വൻ നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്ലാഖി. ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലിയിൽ (പാർലമെന്റ്) നിന്ന് വൻ ഭൂരിപക്ഷത്തോടെ പ്രതിരോധ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അമേരിക്ക ഇനി നമ്മെ ആക്രമിക്കാൻ ധൈര്യപ്പെടില്ലെന്ന് ഇറാനിലെ ജനങ്ങൾക്ക് ഉറച്ചു വിശ്വസിക്കാം. എന്നാൽ വീണ്ടുമൊരു അക്രമത്തിന് അവർ തുനിഞ്ഞാൽ, അമേരിക്കയും ഈ മധ്യപൂർവേഷ്യൻ മേഖലയും ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും നാശനഷ്ടവും അനുഭവിക്കേണ്ടി വരും,” അഖ്ലാഖി മാധ്യമങ്ങളോട് പറഞ്ഞു. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ ആകെയുള്ള 277 വോട്ടുകളിൽ 237 വോട്ടുകൾ നേടിയാണ് അഖ്ലാഖി വിജയിച്ചതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണം ആരംഭിച്ച് എട്ട് മാസത്തിന് ശേഷമാണ് ഇറാൻ പുതിയ പ്രതിരോധ മന്ത്രിക്ക് പാർലമെന്റിൽ അംഗീകാരം നൽകിയിരിക്കുന്നത്. മുൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കുമൊപ്പം സൈനിക കേന്ദ്രത്തിന് നേരെ നടന്ന കനത്ത മിസൈൽ അക്രമത്തിലാണ് അന്നത്തെ പ്രതിരോധ മന്ത്രിയും മുതിർന്ന കമാൻഡർമാരും കൊല്ലപ്പെട്ടത്.
തുടർന്ന് മാസങ്ങളോളം ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് പരിചയസമ്പന്നനായ പ്രതിരോധ ഉദ്യോഗസ്ഥൻ മെഹർദാദ് അഖ്ലാഖിയെ പ്രസിഡന്റും പാർലമെന്റും നിയോഗിച്ചിരിക്കുന്നത്. പുതിയ നയതന്ത്ര-സൈനിക നീക്കങ്ങളിലൂടെ പശ്ചിമേഷ്യയിൽ അമേരിക്കയ്ക്കെതിരെ ഇറാന്റെ പ്രതിരോധ തന്ത്രങ്ങൾ കൂടുതൽ കർശനമാക്കാനാണ് പുതിയ മന്ത്രിയുടെ നീക്കം. ഇതോടെ മേഖലയിലെ യുദ്ധാന്തരീക്ഷവും സംഘർഷസാധ്യതയും വീണ്ടും വൻ ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്.












